ആവോളം പ്രഖ്യാപനം വേവോളം ദുരിതം
മാനന്തവാടി: ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആനുകൂല്യങ്ങളൊന്നും എത്തിനോക്കാതെ മഴുവന്നൂര്‍ പണിയ കോളനിയില്‍ നിരവധി കുടംബങ്ങള്‍ ദുരിതത്തില്‍. വൈദ്യുതിയും വെള്ളവുമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും കോളനിയില്‍ ഇനിയുമെത്തിയിട്ടില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള കോളനിക്കായി ആകെയുള്ള 36 സെന്റ് ഭൂമിയില്‍ 17ഓളം കുടുംബങ്ങളാണ് നരകജീവിതം നയിക്കുന്നത്. താമസിക്കാന്‍ വീടില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയ വിഷ്ണുവും കുടുംബവും താമസിച്ചിരുന്ന കോളനിയിലാണ് ദുരിതങ്ങളുടെ നിലക്കാത്ത പട്ടികകള്‍ ഉയരന്നത്. കോളനിയിലെ സന്തോഷ്, സീത, മധു, ബാലന്‍, സുനിത, വിഷ്ണു എന്നീ ആറ് കുടുംബങ്ങള്‍ക്ക് ഇത് വരെയും റേഷന്‍ കാര്‍ഡ് പോലും അധികൃതര്‍ ലഭ്യമാക്കിയിട്ടില്ല. ഇതില്‍ ടി.ബി രോഗം പിടിപ്പെട്ടും നിത്യരോഗം ബാധിച്ചുമുള്ള കുടുംബാംഗങ്ങളുമുണ്ട്. റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ലൈഫ് ഭവന പദ്ധതിയില്‍ പോലുമുള്‍പ്പെടാതെ പ്ലാസ്റ്റിക് കൂരകളിലും ബന്ധു വീടുകളിലും അഭയാര്‍ഥികളെപ്പോലെയാണ് പലരും കഴിയുന്നത്. പുതുതായി വീടനുവദിക്കണമെങ്കില്‍ സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ബന്ധുവീടുകളില്‍ കഴിയേണ്ടി വരുന്നവരും ഇവിടെയുണ്ട്. കോളനിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി മുമ്പ് സ്ഥലം വില്‍പ്പന നടത്താന്‍ തയ്യാറായിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കാന്‍ നടപടികളുണ്ടായിട്ടില്ല. കോളനിയിലെ പന്ത്രണ്ടോളം കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാനായി ഒരേ ഒരു ടോയ്‌ലറ്റ് മാത്രമാണുളളത്. സമ്പൂര്‍ണ്ണ വെളിയിട മുക്ത വിസര്‍ജ്ജന സംസ്ഥാനവും ജില്ലയും ഒക്കെയായി സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഈ കോളനിക്കാരിപ്പോഴും വിസര്‍ജ്ജനത്തിനായി വെളിയിടങ്ങളെ തന്നെയാണ് ആശ്രയിക്കുന്നത്. സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിച്ചെങ്കിലും കോളനിയിലെ 65 വയസ്സ് പ്രായമുള്ള അമ്മിണിയുടെ വീടില്‍ വൈദ്യുതി എത്തിക്കാന്‍ ശ്രമങ്ങള്‍ പലതും നടത്തിയെങ്കിലും ലഭ്യമായിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് വരെ കോളനിയുടെ വികസനത്തിന് തടസ്സമായി പറഞ്ഞിരുന്നത് നിര്‍മാണ സാധനങ്ങളെത്തിക്കാന്‍ റോഡില്ലെന്നായിരുന്നു. എന്നാല്‍ കോളനിയിലേക്കുള്ള റോഡിനായി സ്വകാര്യ വ്യക്തി സ്ഥലം വിട്ടു നല്‍കിയെങ്കിലും ഇത് വരെയും റോഡ് പണി മുഴുമിപ്പിക്കാനും കഴിഞ്ഞിട്ടില്ല. ഇത്തരം ദുരിതം പിടിച്ച കോളനിയില്‍ താമസിക്കാനിടമില്ലാതെ ആയതോടെയാണ് ഒരു കുടുംബം കഴിഞ്ഞ ദിവസം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അഭയം തേടിയത്. ഇവരിപ്പോള്‍ താല്‍ക്കാലിക ഷെഡ്ഡിലാണ് താമസിക്കുന്നത്.
നരസിപ്പുഴക്കരയില്‍ നാല് കുടുംബങ്ങള്‍
നടവയല്‍: നരസിപ്പുഴക്കരയില്‍ നാല് ആദിവാസി കുടുംബങ്ങള്‍ ദുരിതക്കയത്തില്‍. വഴി, വെളിച്ചം, വാസയോഗ്യമായ വീട്, ശൗചാലയം എന്നിവ ആദിവാസി കുടുംബങ്ങള്‍ക്കു അന്യം. വന്യമൃഗശല്യവും കുടുംബങ്ങളെ അലട്ടുകയാണ്.
പൂതാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കക്കോടന്‍ ബ്ലോക്കിലാണ് നാലു ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്നത്. ആദിവാസി വീടുകള്‍ക്കടുത്തുകൂടിയാണ് കക്കോടന്‍ ബ്ലോക്കില്‍ കാട്ടാനകള്‍ ഇറങ്ങുന്നത്. ഇടിഞ്ഞുവീഴാറായ കൂരകളിലാണ് കുടുംബങ്ങളുടെ താമസം. 20 വര്‍ഷം മുമ്പ് പണിത രണ്ട് വീടുകള്‍ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. സ്വകാര്യ ഭൂമികള്‍ക്കിടയിലൂടെയാണ് ആദിവാസികളുടെ താമസസ്ഥലത്തേക്കുള്ള ഇടുങ്ങിയ വഴി. പ്രദേശവാസികളില്‍ ചിലരുടെ തടസം മൂലം ആദിവാസി വീടുകള്‍ വൈദ്യുതീകരണ പദ്ധതിക്കും പുറത്തായി. അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്നാണ് ആദിവാസി കുടുംബങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."