എല്ലാവര്‍ക്കും മികച്ച ചികിത്സ സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി
കൊയിലാണ്ടി: വരുമാനം പ്രശ്‌നമാകാതെ സാധാരണക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പുവരുത്തുകയാണു സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിനായി സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊയിലാണ്ടി നഗരസഭാ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി കെട്ടിടോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ കോളജ് മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും. വരുമാനമില്ലാത്തതിനാല്‍ ചികിത്സ കിട്ടാതെ മരിക്കുന്ന സാഹചര്യം ഒരു രോഗിക്കും ഉണ്ടാകരുതെന്നാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വൃക്ക മാറ്റിവയ്ക്കല്‍, കരള്‍ മാറ്റിവയ്ക്കല്‍ ഉള്‍പ്പടെയുള്ള അവയവദാന ചികിത്സയിലും മറ്റും സ്വാശ്രയാശുപത്രികള്‍ വലിയ തുക ഈടാക്കുകയാണ്. അവയവദാന ചികിത്സക്ക് കൃത്യമായ പ്രോട്ടോക്കോള്‍ ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ചികിത്സ ലഭ്യമാകുമ്പോള്‍ അമിതമായ തുക ഈടാക്കുന്ന സാഹചര്യമുണ്ടാവരുത്. സര്‍ക്കാര്‍ ആശുപത്രികള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
20 കോടി രൂപ ചിലവില്‍ ആറു നിലയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ദിവസേന 2500 ലധികം ആളുകളാണ് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്.
യോഗത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. എം.പി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി. ജയശ്രീ, പി. വിശ്വന്‍, പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സന്‍ വി.ടി ഉഷ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍, പന്തലായനി പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ, കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ പത്മിനി സംസാരിച്ചു. കെ. ദാസന്‍ എം.എല്‍.എ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിന്‍ ബാബു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."