അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍: മോദിയുടെ 'പിഴ'യ്ക്ക് മാധ്യമങ്ങളെ കുറ്റപ്പെടുത്തി ജയ്ശങ്കര്
ന്യൂഡല്‍ഹി: അമേരിക്കയില്‍ നല്കിയ സ്വീകരണ പരിപാടിക്കിടെ അവിടത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനു വോട്ടഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത് വിവാദമായിരിക്കെ സംഭവം നിഷേധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് രംഗത്ത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യയ്ക്കു നിഷ്പക്ഷ നിലപാടാണെന്നു വ്യക്തമാക്കിയ അദ്ദേഹം, പ്രധാനമന്ത്രിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കരുതെന്നും അഭ്യര്‍ഥിച്ചു.
ഹൂസ്റ്റണില്‍ ഹൗഡി മോദി പരിപാടിക്കിടെ, തന്നെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് ട്രംപ് തന്നെയാണ് ആവശ്യപ്പെട്ടത്. അതേക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
മറ്റു രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങള്‍ ഇന്ത്യയുടെ വിഷയമല്ല. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടല്ല പ്രധാനമന്ത്രി അങ്ങനെ പറഞ്ഞതെന്നും അമേരിക്കയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഹൂസ്റ്റണില്‍ നടന്ന റാലിക്കിടെ 'അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍' (ഇത്തവണയും ട്രംപ് സര്‍ക്കാര്‍) എന്ന പരാമര്‍ശത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനു വേണ്ടി വോട്ടഭ്യര്‍ഥിച്ചത് ഇന്ത്യയിലും അമേരിക്കയിലും വലിയ വിവാദമായിരുന്നു.
താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ട്രംപിന്റെ പ്രചാരകനല്ലെന്നും മോദിക്ക് ഓര്‍മവേണമെന്ന് വ്യക്തമാക്കി പ്രതിപക്ഷം വിഷയത്തില്‍ ശക്തമായി രംഗത്തെത്തിയിരുന്നു. മറ്റൊരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാതിരിക്കുകയെന്ന ഇന്ത്യയുടെ വിദേശനയം പ്രധാനമന്ത്രി ലംഘിച്ചെന്നും വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
അതേസമയം, പ്രധാനമന്ത്രിയെ ന്യായീകരിച്ച എസ്. ജയ്ശങ്കറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നു. പ്രധാനമന്ത്രി മോദിയുടെ കഴിവുകേട് മറച്ചുവച്ചതിനു നന്ദിയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."