ഫ്രഞ്ച് ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ഇന്ന് വിജയപ്രതീക്ഷയുമായി മാക്രോണ്‍ സഖ്യം
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടി ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായ ഇമ്മാനുവല്‍ മാക്രോണ്‍ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പിലും വിജയകൊയ്ത്തിന്. ഇന്ന് നടക്കുന്ന രണ്ടാംഘട്ട ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ എന്‍ മാര്‍ഷെ പാര്‍ട്ടി സഖ്യവും പ്രതിപക്ഷവും ഏറ്റുമുട്ടും. ഇതില്‍ ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടിക്കാണ് നാഷനല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ആധിപത്യമുണ്ടാകുക. മാക്രോണ്‍ സഖ്യത്തിന് (ആര്.ഇ.എം) 577 അംഗ നാഷനല്‍ അസംബ്ലിയില്‍ 400-470 വോട്ട് നേടുമെന്നാണ് മാധ്യമങ്ങള്‍ പ്രവചിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന ഫ്രഞ്ച് ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മധ്യ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എന്‍ മാര്‍ഷെ സഖ്യം 33 ശതമാനം വോട്ട് നേടിയിരുന്നു. വലതുപക്ഷമായ മരിന് ലെ പെന്നിന്റെ പാര്‍ട്ടി 22 ശതമാനം വോട്ടാണ് നേടിയത്. 50 ശതമാനം വോട്ടാണ് പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് വേണ്ടത്. ഇതു ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
15 മാസത്തെ പ്രായം മാത്രമുള്ള മാക്രോണിന്റെ പാര്‍ട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിലും പരമ്പരാഗത പാര്‍ട്ടികളായ വലതുപക്ഷത്തെയും സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും പിന്തള്ളിയാണ് നേട്ടം കൊയ്തത്. എന്നാല്‍ മാക്രോണിന് രണ്ടാംഘട്ടത്തില്‍ വലിയ ഭൂരിപക്ഷം നേടാനാവില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."