യു.എസ് യുദ്ധക്കപ്പലില്‍ ചരക്കുകപ്പലിടിച്ചു ഏഴു സൈനികരെ കാണാതായി
ടോക്കിയോ: ജപ്പാന്‍ കടലില്‍ യു.എസ് പടക്കപ്പലും ഫിലിപ്പൈന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ച് ഏഴുപേരെ കാണാതായി. കാണാതായവര്‍ എല്ലാവരും യു.എസ് സൈനികരാണ്.
ഇന്നലെ പുലര്‍ച്ചെ 2.30നാണ് അമേരിക്കന്‍ നാവികക്കപ്പലായ യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ഫിലിപ്പൈന്‍സ് രജിസ്‌ട്രേഷനുള്ള എ.സി.എക്‌സ് ക്രിസ്റ്റല്‍ ചരക്കുകപ്പലില്‍ കൂട്ടിയിടിച്ചത്. ജപ്പാന്‍ തുറമുഖ നഗരമായ യോകോസൂകയില്‍ നിന്ന് 56 നോട്ടിക്കല്‍ മൈല്‍(104 കി.മീറ്റര്‍) അകലെ കടലിലാണ് സംഭവം.
യു.എസ് കപ്പലിലുണ്ടായിരുന്ന കമാന്‍ഡിങ് ഓഫിസര്‍ അടക്കമുള്ള മൂന്നുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാണാതായവര്‍ക്കു വേണ്ടി നിരവധി യു.എസ്-ജപ്പാന്‍ നാവികബോട്ടുകളുടെയും വിമാനങ്ങളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ ശക്തമാക്കി.
അപകടത്തില്‍ യു.എസ് കപ്പലിന്റെ മുന്‍ഭാഗം പാടേ തകര്‍ന്നിട്ടുണ്ട്. സംഭവസമയത്ത് കപ്പല്‍ എങ്ങോട്ട് സഞ്ചരിക്കുകയായിരുന്നുവെന്ന് വ്യക്തമല്ല.
മണിക്കൂറില്‍ 27 കി.മീറ്റര്‍ വേഗതയിലായിരുന്നു ഈ സമയത്ത് നാവികക്കപ്പല്‍ സഞ്ചരിച്ചിരുന്നതെന്ന് ജപ്പാന്‍ നാവിക ഗതാഗത വകുപ്പ് അറിയിച്ചു. ഫിലിപ്പൈന്‍സ് പതാക വച്ച എ.സി.എക്‌സ് ക്രിസ്റ്റല്‍ കപ്പല്‍ ജപ്പാന്‍ തുറമുഖ നഗരമായ നാഗോയയില്‍ നിന്ന് ടോക്കിയോയിലേക്ക് ചരക്കുമായി തിരിച്ചതായിരുന്നു.
നാവികകപ്പല്‍ പിന്നീട് യു.എസ് ബോട്ടുകളുടെ സഹായത്തോടെ യോകോസുക തുറമുഖത്തെ സൈനികതാവളത്തിലെത്തിച്ചു. അമേരിക്കയുടെ ഏഴാമത്തെ ഏറ്റവും വലിയ നാവികപ്പടയാണ് യോകോസുകയിലുള്ളത്. 80 സമുദ്രാന്തര്‍വാഹിനികളും കപ്പലുകളുമാണ് ഇവിടെയുള്ളത്.
യു.എസ്.എസ് ഫിറ്റ്‌ജെറാള്‍ഡ്
അമേരിക്കയുടെ മിസൈല്‍വേധ കപ്പല്‍. 8,900 ടണ്‍ ഭാരമുള്ള കപ്പലിന് 154 മീറ്റര്‍ നീളമുണ്ട്. എ.സി.എക്‌സ് ക്രിസ്റ്റല്‍ കപ്പലിന് 30,000 ടണ്‍ ഭാരവും 223 മീറ്റര്‍ നീളവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."