ബന്ധുക്കളുടെ ദുരൂഹ മരണം: നാല് മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുക്കും
മരണമടഞ്ഞത് ആറ് പേര്‍
താമരശ്ശേരി: ദുരൂഹ സാഹചര്യത്തില്‍ ബന്ധുക്കളായ ആറുപേര്‍ മരിച്ച സംഭവത്തില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുത്ത് പരിശോധന നടത്തും. അടുത്ത ബന്ധുക്കളായ ആറുപേരുടെ സമാന രീതിയിലുള്ള മരണങ്ങള്‍ സംശയത്തിനു കാരണമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി നാലുപേരുടെ മൃതദേഹങ്ങള്‍ കല്ലറപൊളിച്ചു പുറത്തെടുത്തു പരിശോധിക്കാന്‍ തീരുമാനിച്ചത്.
വിദ്യാഭ്യാസ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാറ്റം ടോം തോമസ്, ഭാര്യയും മുന്‍ അധ്യാപികയുമായ അന്നമ്മ, മകന്‍ റോയി, അന്നമ്മയുടെ സഹോരന്‍ മാത്യു, ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജുവിന്റെ ഭാര്യ സിസിലി, ഇവരുടെ പത്തുമാസം പ്രായമായ കുഞ്ഞ് അല്‍ഫോന്‍സ എന്നിവരാണ് 2002 മുതല്‍ വിവിധ കാലങ്ങളിലായി സമാന രീതിയില്‍ മരിച്ചത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന ടോം തോമസിന്റെ മകന്‍ റോജോ ആണ് മരണത്തില്‍ ദുരൂഹത ആരോപിച്ചു ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നു നടത്തിയ പ്രാഥമിക പരിശോധനയെ തുടര്‍ന്നാണ് കൂടത്തായി സെമിത്തേരിയില്‍ അടക്കം ചെയ്ത നാലുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു പരിശോധിക്കുന്നത്. മൃതദേഹങ്ങള്‍ പുറത്തെടുത്ത് വീണ്ടും ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാന്‍ പള്ളി അധികൃതരുടെ അനുവാദം തേടിയിരുന്നു. 2002ല്‍ അന്നമ്മയാണ് ആദ്യം മരിച്ചത്. തുടര്‍ന്ന് വര്‍ഷങ്ങളുടെ ഇടവേളകളിലാണ് മറ്റുള്ളവരുടെ മരണം.
എന്നാല്‍ മരണത്തിലേക്കു നയിച്ച അസുഖങ്ങളിലെ സമാനതകളാണ് സംശയത്തിനു വഴിതെളിച്ചത്. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണുള്ള മരണങ്ങള്‍ ഹൃദയാഘാതമാണെന്നാണു കരുതിയിരുന്നത്.
6 വര്‍ഷം മുന്‍പ് മരിച്ച റോയിയുടെ മൃതദേഹം ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു. കോടഞ്ചേരിയിലെ സെമിത്തേരിയില്‍ അടക്കം ചെയ്ത രണ്ടുപേരുടെ മൃതദേഹങ്ങള്‍ പിന്നീട് പുറത്തെടുത്തു പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."