സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
തിരുവനന്തപുരം: ലൈംഗിക പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവിലെ അന്വേഷണ സംഘത്തെ കുറിച്ച് പെണ്‍കുട്ടി പരാതി ഉന്നയിച്ചതിനാലും കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പൊലിസ് സംശയം ഉയര്‍ത്തിയ സാഹചര്യത്തിലുമാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്.
ബലാല്‍സംഗശ്രമം ചെറുക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ രഹസ്യമൊഴി. എന്നാല്‍ പെണ്‍കുട്ടി തന്നെ പിന്നീട് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി മാറ്റിപ്പറയുന്ന സാഹചര്യം ഉണ്ടായി. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന പേട്ട പൊലിസിനെതിരേ പെണ്‍കുട്ടി ആക്ഷേപം ഉന്നയിക്കുകയും മൊഴിമാറ്റം വരുത്തുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പൊലിസ് ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും പെണ്‍കുട്ടി ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോക്‌സോ കോടതിയില്‍ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ ആക്രമണ സമയത്ത് പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഫോറന്‍സിക് ഫലത്തില്‍ പീഡനം നടന്നതിന്റെ തെളിവ് കണ്ടെത്താനായില്ല. സ്വാമിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധിപറയാനിരിക്കുകയാണ്. ഇതിനിടെയാണ് സ്വാമിയുടെ നിരപരാധിത്വം തെളിയിക്കുന്ന പല വെളിപ്പെടുത്തലും ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. പ്രതിഭാഗം അഭിഭാഷകന്‍ പുറത്തു വിട്ട പെണ്‍കുട്ടിയുടെ കത്തും ഫോണ്‍ സംഭാഷണവും പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ ഹരജിയുമെല്ലാം സംഭവത്തിലെ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നതാണ്. കേസ് ഒതുക്കി തീര്‍ക്കാന്‍ പെണ്‍കുട്ടിയെ സ്വാമിയുടെ ഇടനിലക്കാര്‍ സ്വാധീനിച്ചതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വാമിയുടെ നിരപരാധിത്വം പ്രഖ്യാപിച്ച് പെണ്‍കുട്ടി പരസ്യമായി രംഗത്തു വന്നതും അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കി.
കൃത്യം നിര്‍വഹിക്കാന്‍ അയ്യപ്പദാസിന്റെ സഹായമുണ്ടായതായ പെണ്‍കുട്ടിയുടെ വാദം വാസ്തവവിരുദ്ധമാണെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. അയ്യപ്പദാസ് സംഭവ സമയത്ത് തിരുവനന്തപുരത്ത്‌നിന്ന് കൊട്ടാരക്കരയിലേക്കുളള യാത്രയിലായിരുന്നു. സംഭവത്തിന് മുന്‍പും ശേഷവും നിരവധിതവണ പെണ്‍കുട്ടി അയ്യപ്പദാസിനെ ഫോണില്‍ വിളിച്ചെന്നും പൊലിസ് കണ്ടെത്തി. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."