മലയാളിയായ മുന്‍ മാനേജിങ് ഡയരക്ടര്‍ അറസ്റ്റില്‍
മുംബൈ: പഞ്ചാബ്-മഹാരാഷ്ട്ര കോ-ഓപറേറ്റിവ് ബാങ്കി(പി.എം.സി ബാങ്ക്) ല്‍ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മലയാളിയായ മാനേജിങ് ഡയരക്ടര്‍ ജോയ് തോമസ് അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റാണ് അറസ്റ്റ് ചെയ്തതെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വിഭാഗം അറിയിച്ചു.
പി.എം.സിയുടെ മുന്‍ബോര്‍ഡ് അംഗങ്ങള്‍ക്കും ഹൗസിങ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിന്റെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയ ദിവസമാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് പിന്നാലെ ജോയ് തോമസിന്റെ വസതി ഉള്‍പ്പെടെ മുംബൈയിലെ ആറിടങ്ങളിലും ബാങ്കിന്റെ വായ്പാ പ്രമോട്ടര്‍ ആയ ഹൗസിങ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിന്റെ(എച്.ഡി.ഐ.എല്‍) വിവിധ ഇടങ്ങളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. ഇതിനിടയില്‍ പിടിയിലായ എച്.ഡി.ഐ.എല്ലിന്റെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളായ രാകേശ് വാദ്‌വാന്‍, സാരംഗ് വാദ്‌വാന്‍ എന്നിവരെ ഈ മാസം ഒന്‍പതുവരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
പി.എം.സി ബാങ്കിന്റെ 75 ശതമാനം വായ്പകളും പാപ്പരാ. എച്ച്.ഡി.ഐ.എല്ലിന് നല്‍കിയിരുന്നു. എച്ച്.ഡി.ഐ.എല്ലിന്റെ പ്രമോട്ടര്‍മാരായ രാകേശ് വാദ്‌വാന്‍, സാരംഗ് വാദ്‌വാന്‍ എന്നിവര്‍ 21,000 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പി.എം.സിയില്‍ നിന്ന് വായ്പാ തട്ടിയെടുത്തുവെന്നും കണ്ടെത്തിയിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എച്ച്.ഡി.ഐ.എല്‍ വായ്പാ തിരിച്ചടവ് തുടര്‍ച്ചയായി ലംഘിക്കുകയും ഇക്കാര്യം ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ആര്‍.ബി.ഐ അറിയിച്ചു. പി.എം.സി ബാങ്ക് പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്തെ ഒരു സഹകരണ ബാങ്കും തകരാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."