മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് നിര്‍മാണം 13ന് ആരംഭിക്കും: എം.പി.
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ അക്കാദമിക് ബ്ലോക്കിന്റെ കെട്ടിട നിര്‍മാണം 13 ന് ആരംഭിക്കുമെന്ന് അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി അറിയിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉടന്‍ നിര്‍മാണം ആരംഭിക്കാന്‍ തീരുമാനമായതെന്ന് എം.പി പറഞ്ഞു.
മൂന്ന് നിലകളിലായി 43,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വിപുലമായ സൗകര്യത്തോടുകൂടിയ അക്കാദമിക് വിഭാഗമാണ് നിര്‍മിക്കുന്നത്. പത്തുമാസം കൊണ്ട് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും.
10.5 കോടി രൂപ ചിലവിലാണ് കെട്ടിട നിര്‍മാണം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. സെപ്തംബര്‍ പകുതിയോടെ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണവും ആരംഭിക്കും. ഇതിന്റെ ഡിസൈനില്‍ ഉണ്ടായിരുന്ന കുറവുകള്‍ പരിഹരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക സര്‍വ്വകലാശാലയുടെ അനുമതി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ലഭിക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി അടുത്ത അധ്യയനവര്‍ഷം മുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നിര്‍മാണം ആരംഭിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ പതോളജി വിഭാഗം ആണ് പ്രവര്‍ത്തിക്കുന്നത്. പ്രിന്‍സിപ്പലിന്റെയും വിവിധ വകുപ്പ് തലവന്മാരുടേയും ഓഫീസുകള്‍, പ്രൊഫസര്‍മാരുടെ ഓഫീസുകള്‍, സെന്‍ട്രലൈസ്ഡ് ലാബ്, മ്യൂസിയം, ഡെമോ റൂം, വിവിധ വിഷയങ്ങള്‍ വേര്‍തിരിച്ചുള്ള ലൈബ്രറി എന്നിവ ഉണ്ടാകും. ഒന്നാം നിലയില്‍ മൈക്രോ ബയോളജി വിഭാഗത്തിനാണ് നീക്കി വച്ചിരിക്കുന്നത്. ഇവിടെയും മ്യൂസിയം, ലാബ്. ഡെമോ റൂം, ലക്ച്ചര്‍ ഹാള്‍, സെമിനാര്‍ ഹാള്‍, പ്രഫസേഴ്‌സ് റൂം, ലൈബ്രറി തുടങ്ങിയവ പ്രവര്‍ത്തിക്കും. ഫോറന്‍സിക് ആന്‍ഡ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ സൗകര്യങ്ങളാണ് രണ്ടാമത്തെ നിലയില്‍ തയ്യാറാക്കുക.
അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടുകൂടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ട 37 ഇനങ്ങളിലുള്ള അടിസ്ഥാനസൗകര്യങ്ങളില്‍ പകുതിയിലധികവും പരിഹരിക്കാന്‍ കഴിയും.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഐ.എം.സി യുടെ മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ച് അംഗീകാരം പുനഃസ്ഥാപിച്ച് ഇടുക്കി മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുമെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."