കോട്ടക്കല്‍-കോട്ടപ്പടി റോഡിന്റെ നവീകരണ പ്രവൃത്തികള്‍ ഉടന്‍
കോട്ടക്കല്‍: കിഫ്ബിയില്‍നിന്ന് 18.85 കോടി രൂപ ഫണ്ട് അനുവദിച്ച കോട്ടക്കല്‍ -കോട്ടപ്പടി (കോട്ടക്കല്‍ ചങ്കുവെട്ടി-മലപ്പുറം കോട്ടപ്പടി റോഡ്) റോഡിന്റെ നവീകരണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു.
കോട്ടക്കല്‍ ചങ്കുവെട്ടി മുതല്‍ മലപ്പുറം കോട്ടപ്പടി വരെയുള്ള റോഡ് വികസിപ്പിക്കുന്നതിനാണ് പദ്ധതി. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.
പദ്ധതിയുടെ ഭാഗമായി നിലവിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ റബറൈസ് ചെയ്ത് നവീകരിക്കും. സ്ഥലമുള്ള വളവുകളിലും അങ്ങാടികളിലും ഒന്‍പത് മീറ്റര്‍ വരെ റോഡിന്റെ വീതി കൂട്ടും. കൈയേറ്റഭൂമികള്‍ പരിശോധിക്കും. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഡ്രെയിനേജ് സംവിധാനങ്ങള്‍ നിര്‍മിക്കും. റോഡ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഫണ്ടനുവദിച്ച് ഉത്തരവിറങ്ങിയ ഉടനെ കഴിഞ്ഞ ജനുവരി 29ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍, വൈദ്യുതി, പൊതുമരാമത്ത് റോഡ് വിഭാഗം തുടങ്ങിയ വിവിധ വകുപ്പുകളുടെ യോഗം കോട്ടക്കല്‍ നഗരസഭയില്‍ ചേര്‍ന്നിരുന്നു. അന്നത്തെ യോഗത്തില്‍ കുടിവെള്ള പൈപ്പുകളും വൈദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ബാക്കി വരുന്ന നവീകരണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകുമെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."