മന്ദ്‌സോര്‍ കലാപം മധ്യപ്രദേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു
ഭോപ്പാല്‍: 2007 മാര്‍ച്ച് 14ന് 14 പേരുടെ മരണത്തിനിടയാക്കിയ ബംഗാളിലെ നന്ദിഗ്രാം കലാപം സംസ്ഥാന രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റ അടിത്തറക്ക് കോട്ടം തട്ടിച്ച സംഭവമായിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തിന്റെ അലടിയില്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ കടപുഴകി വീണ സംഭവമായിരുന്നു ഇത്.
ഇതിന്റെ മറ്റൊരുതരത്തിലുള്ള പ്രതിഫലനമാണ് മധ്യപ്രദേശില്‍ ഉണ്ടായത്. മന്ദ്‌സോര്‍ ജില്ലയില്‍ ആറ് കര്‍ഷകരുടെ മരണത്തിനിടയാക്കിയ പൊലിസ് വെടിവയ്പ് വര്‍ഷങ്ങളായി ഇന്ത്യയിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയുടെ ബഹിര്‍സ്ഫുരണമായിരുന്നു.
സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നടപടികളുണ്ടാകാതിരുന്നതാണ് മധ്യപ്രദേശില്‍ കര്‍ഷക പ്രതിഷേധം കലാപമായി കത്തിപ്പടരാന്‍ ഇടയാക്കിയത്. കാര്‍ഷിക മേഖലയോട് ഭരണകൂടം കാണിക്കുന്ന അവഗണനകൂടിയാണ് പ്രതിഷേധത്തിന്റെ അടിസ്ഥാനം.
കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുമ്പോഴും മാര്‍ക്കറ്റ് വിലയില്‍ കനത്ത തിരിച്ചടിയാണ് കര്‍ഷകര്‍ നേരിടുന്നത്. 1992ല്‍ കൃഷിക്കാവശ്യമായ യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള ഡീസലിന് ലിറ്ററിന് ആറ് രൂപയായിരുന്നു പഞ്ചാബിലുണ്ടായിരുന്നത്. 25 വര്‍ഷം പിന്നിട്ടപ്പോള്‍ ഡീസല്‍ വില പതിന്മടങ്ങ് വര്‍ധിച്ചു. തൊഴിലാളികളുടെ കൂലിയും കൂടി.
കൃഷി സംരക്ഷിക്കാന്‍ കീടനാശിനികള്‍ വന്‍തോതില്‍ വാങ്ങിക്കേണ്ടി വന്നു. ഉല്‍പാദന ചെലവ് വര്‍ധിച്ചതോടെ ഇതിന് ആനുപാതികമായി ഉല്‍പന്നങ്ങള്‍ക്കുള്ള വില വര്‍ധിച്ചില്ല. ഇത് രാജ്യവ്യാപകമായി കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണ്.
നിരാശരായ രാജ്യത്തെ കര്‍ഷകരുടെ എതിര്‍പ്പ് ശക്തമായതാണ് മന്ദ്‌സോറില്‍ പൊട്ടിപ്പുറപ്പെട്ട കലാപം. മന്ദ്‌സോറില്‍ പ്രധാന കൃഷി ഉള്ളിയും മഞ്ഞളുമാണ്. ഇവക്ക് വന്‍വിലത്തകര്‍ച്ചയാണ് ഉണ്ടായത്. ഇപ്പോഴും മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം പുകയുകയാണ്. ഇത് സംസ്ഥാന ബി.ജെ.പി സര്‍ക്കാരിനെ ആശങ്കപ്പെടുത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."