ചേടിയാലകടവ് പാലം യാഥാര്‍ഥ്യത്തിലേക്ക്
പാറക്കടവ്: കോഴിക്കോട്- കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ഉമ്മത്തൂര്‍ ചേടിയാല കടവ് പാലം യാഥാര്‍ഥ്യമാകുന്നു. ഇതിന്റെ ഭാഗമായി അപ്രോച്ച് റോഡ് കടന്നു പോകുന്ന സ്ഥലങ്ങളില്‍ റവന്യു മരാമത്ത് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പാലം പണിയാന്‍ സര്‍ക്കാര്‍ അനുവദിച്ച ഒന്‍പത് കോടി രൂപയില്‍ രണ്ട് കോടി 46 ലക്ഷം രൂപ സ്ഥലമെടുപ്പിനായി മാറ്റി വച്ചതായും സാങ്കേതിക അനുമതി നല്‍കിയതായും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കേണ്ടതിനാല്‍ ഉഭയങ്ങളുടെ കണക്കെടുപ്പും ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കൊയിലാണ്ടി ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ ആര്‍. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം പരിശോധനക്കായി എത്തിയത്. വാല്യുവേഷന്‍ അസിസ്റ്റന്റ് കെ. മുരളീധരന്‍, പി. അബ്ദുസ്സലാം സര്‍വേയര്‍മാരായ ലൗജ, സജില എന്നിവരും കോഴിക്കോട് മരാമത്ത് ഡിവിഷനിലെ പാലം വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍മാരായ ജിതിന്‍ , ഡിജേഷ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
2012ല്‍ സര്‍ക്കാര്‍ അംഗീകരിച്ച അലയന്‍മെന്റില്‍ ഒരു കാരണവശാലും ഒരു മാറ്റവുമുണ്ടാവില്ലെന്ന് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ വിനീതന്‍ അറിയിച്ചതായി മരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലം മുന്‍കൂറായി വിട്ടുതന്ന മുഴുവന്‍ ഉടമകള്‍ക്കും നിലവിലെ മാര്‍ക്കറ്റ് വില കൂടി പരിഗണിച്ചുള്ള നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് പാലം ജനകീയ കമ്മിറ്റിയെ പ്രതിനിധീകരിച്ച് സ്ഥലത്ത് എത്തിയ തൂണേരി പഞ്ചായത്ത് അംഗം കെ. ചന്ദ്രിക, പി. കുഞ്ഞബ്ദുല്ല , ആര്‍.പി ഹസന്‍, റഫീഖ് തേനില്‍ , പുരുഷു ചെമ്പോലത്തിന്‍, അഷ്‌റഫ് മുരിങ്ങോളി എന്നിവര്‍ സംഘത്തോട് ആവശ്യപ്പെട്ടു.
പാലം പണി ഒരു വര്‍ഷം മുമ്പ് തന്നെ തുടങ്ങാന്‍ നടപടികള്‍ പൂര്‍ത്തിയതാണ്. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുത്ത നാല് കരാറുകാരില്‍ ഒരാള്‍ അവകാശം ഉന്നയിച്ച് ഹൈക്കോടതിയില്‍ പോവുകയായിരുന്നു. കോടതിയുടെ അന്തിമ വിധി മാത്രമാണ് ബാക്കിയുള്ളത്. വിധിക്ക് വിധേയമായി എത്രയും വേഗത്തില്‍ പണി തുടങ്ങുമെന്ന് പാലം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എം.എല്‍.എ ഇ.കെ വിജയന്‍ അറിയിച്ചു.
പാലം വന്നാല്‍ ഉമ്മത്തൂരിനെ സ്റ്റേറ്റ് ഹൈവേയുമായി കുറഞ്ഞ ദൂരത്തില്‍ (2.100 കി.മി) ബന്ധിക്കും. വിലങ്ങാട് നിന്നും ഭൂമിവാതുക്കല്‍, കുയ്‌തേരി, വളയം, പാറക്കടവ്, ഉമ്മത്തൂര്‍, ഇരിങ്ങണ്ണൂര്‍ വഴി തലശ്ശേരിക്ക് ഏറ്റവും ദൂരം കുറഞ്ഞ പുതിയ റോഡ് കണക്റ്റിവിറ്റിയും സാധ്യമാവും.
നാദാപുരത്തെ കടവത്തൂരുമായി നേരിട്ട് ബന്ധിപ്പിക്കുന്നതോടൊപ്പം, പെരിങ്ങത്തൂരില്‍ നിന്ന് പാറക്കടവിലേക്ക് ഏറ്റവും ദൂരം കുറഞ്ഞ റൂട്ടും നിലവില്‍ വരും. ബി.എസ്.എഫ് കേന്ദ്രങ്ങിലേക്കും കണ്ണൂര്‍ എയര്‍പ്പോട്ടിലേക്കും ഉമ്മത്തൂര്‍ ജങ്ഷന്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബായി മാറുന്നതോടപ്പം നോര്‍ത്ത് മുടവന്തേരിയുടെ വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."