നീലേശ്വരം സാംസ്‌കാരിക പൈതൃക മ്യൂസിയത്തിന് ഫയലില്‍ വിശ്രമം
നീലേശ്വരം: ഏറെ കൊട്ടിഘോഷിച്ചു നീലേശ്വരം നഗരസഭ നടപ്പാക്കാന്‍ ശ്രമിച്ച നീലേശ്വരം സാംസ്‌കാരിക പൈതൃകമ്യൂസിയം മറ്റൊരു പുരാവസ്തു പോലെ ഫയലില്‍ ഉറങ്ങുന്നു. നീലേശ്വരം രാജവംശത്തിന്റെ അധീനതയിലുള്ള തെക്കെ കോവിലകം വലിയ മഠം കെട്ടിടമാണ് മ്യൂസിയത്തിനായി തിരഞ്ഞെടുത്തത്.
ദീര്‍ഘകാലം ലാന്റ് ട്രിബ്യൂണല്‍ ഓഫിസായി പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം അതിന്റെ പൗരാണികമായ സൗന്ദര്യം നിലനിര്‍ത്തി സംരക്ഷിച്ച് മ്യൂസിയമാക്കുമെന്നാണ് സഗരസഭയും പുരാവസ്തു വകുപ്പും പറഞ്ഞത്. കെട്ടിടം ലീസിനോ അല്ലെങ്കില്‍ വിലയ്‌ക്കോ വാങ്ങുമെന്നാണ് നഗരസഭ അധികൃതര്‍ അറിയിച്ചിരുന്നത്. ഇതിനായി നീലേശ്വരം രാജവംശവുമായി നഗരസഭ ചര്‍ച്ചയും നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പുരാവസ്തു ഡയരക്ടര്‍ ജെ. രജികുമാര്‍ സ്ഥലവും കെട്ടിട്ടും സന്ദര്‍ശിച്ചു സംതൃപ്തി രേഖപ്പെടുത്തിയിരുന്നു.
എം. രാജഗോപാലന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍, നീലേശ്വരം വലിയ രാജ ടി.സി ഉദയവര്‍മ്മരാജ, പുരവസ്തു വകുപ്പ് കണ്‍സര്‍വേഷന്‍ എന്‍ജിനിയര്‍ എസ്. ഭൂപേഷ് ആര്‍ക്കിയോജിക്കല്‍ വകുപ്പ് കെമിസ്റ്റ് എസ്. അജയകുമാര്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റ അഡീ. പ്രൈവറ്റ് സെക്രട്ടറി കെ.വി ദേവദാസും സംഘം കെട്ടിടം പരിശോധിച്ച് യോഗം ചേര്‍ന്നു ചര്‍ച്ച നടത്തി അനുകൂല തീരുമാനമെടുത്തിരുന്നു. പിന്നീട് അതേകുറിച്ച് തീരുമാനമൊന്നുമുണ്ടായില്ല.
നീലേശ്വരം രാജവംശം ലീസിനുകൊടുക്കുന്നതിന് അനുകൂലമായ തീരുമാനമെടുത്തില്ല. വിലയ്ക്കു വാങ്ങാനാണെങ്കില്‍ ചെറിയ തുകയാണ് പുരാവസ്തു വകുപ്പ് കൊടുക്കാന്‍ തയാറായതത്രേ. നീലേശ്വരം നഗരത്തിന്റെ കണ്ണായ സ്ഥലത്തുള്ള ഭൂമി അങ്ങിനെ വെറും വിലയ്ക്കു കൊടുക്കേണ്ടെന്ന് രാജവംശത്തിലെ ഇപ്പോഴത്തെ പ്രതിനിധികള്‍ തീരുമാനമെടുത്തതോടെ പുരാവസ്തു മ്യൂസിയം നീലേശ്വരത്തെ നഗരസഭ ഫയലിലെ ഒരു നിര്‍ദേശം മാത്രമായി. അതിനുശേഷം നഗരസഭാ ചെയര്‍മാനോ എം.എല്‍.എയോ മ്യൂസിയം ആവശ്യം പറഞ്ഞു സമീപിച്ചിട്ടില്ലെന്ന് രാജപ്രതിനിധികള്‍ അറിയിച്ചു. ഇതോടെ കൊട്ടിഘോഷിച്ച സാംസ്‌കാരിക പൈതൃകം മ്യൂസിയം എന്ന പഴയ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് നോക്കുകുത്തിയായിരിക്കുകയാണ്. ഇപ്പോള്‍ നഗരത്തിലെത്തുന്ന മദ്യപാനികളുടെയും ഇതരസംസ്ഥാനതൊഴിലാളികളുടെയും കേന്ദ്രമായിരിക്കുകയാണ് കെട്ടിടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."