ഫ്‌ളാറ്റ് പൊളിക്കല്‍ ഒമ്പതിന് സെലക്ഷന്‍ നോട്ടിസ് നല്‍കും
കൊച്ചി: മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ടെണ്ടര്‍ നല്‍കിയ 13 കമ്പനികളില്‍ നിന്ന് ആറു കമ്പനികള്‍ ഉള്‍പ്പെട്ട ചുരുക്കപ്പട്ടിക തയാറായി. ഈ കമ്പനികളില്‍ നിന്നും ഒന്നോ രണ്ടോ പരിചയ സമ്പന്നരായ കമ്പനികളെയായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തെരഞ്ഞെടുക്കുക.
അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളിലെ വിദഗ്ധ സംഘമായിരിക്കും കമ്പനിയെ നിശ്ചയിക്കുക.തുടര്‍ന്ന് ഒമ്പതിന് തെരഞ്ഞെടുത്ത കമ്പനികള്‍ക്ക് സെലക്ഷന്‍ നോട്ടിസ് നല്‍കും.
ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന രീതി, ഉപയോഗ്യമായ സാധനങ്ങള്‍ മാറ്റുന്നതെങ്ങനെ, ഏത് തരം സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്, ഫ്‌ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി ആഘാതത്തിന്റെ വ്യാപ്തി, പരിസരവാസികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഒമ്പതിന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും. വിശദമായി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷമായിരിക്കും കമ്പനികള്‍ക്ക് പൊളിക്കുന്നതിനായി ഫ്‌ളാറ്റുകള്‍ വിട്ടുനല്‍കുക. ഒരേ സമയം നാലു ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്. 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ പരിസരത്തുനിന്ന് മാറ്റിയതിനുശേഷമായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുക.
പരിസരവാസികള്‍ക്ക് ഇന്‍ഷുറന്‍സ് സുരക്ഷയും ഏര്‍പ്പെടുത്തും. അതേസമയം ഫ്‌ളാറ്റുടമകള്‍ക്ക് കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നാണ് സൂചന. എല്ലാവര്‍ക്കും ആദ്യഗഡു 25 ലക്ഷം രൂപ കിട്ടുമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഒരു ലക്ഷം രൂപയ്ക്കുവരെ ഫ്‌ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തവരും ഇവര്‍ക്കിടയിലുണ്ട്.
രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം നടത്തുക എന്നതിനാല്‍ കുറഞ്ഞവിലയ്ക്ക് ഫ്‌ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇത് തിരിച്ചടിയാകും.
കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് മരട് മുന്‍സിപ്പിലിറ്റിയില്‍ നിന്നും ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."