നിലമ്പൂര്‍ റെയില്‍വേയില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും
നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് പി.വി.അബ്ദുല്‍ വഹാബ് എം.പി റെയില്‍വേ ഡിവിഷണല്‍ മാനേജറും സംഘവുമായി ചര്‍ച്ച നടത്തി. എം.പി ഫണ്ടുപയോഗിച്ച് സ്റ്റേഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് ഒരുമാസത്തിനകം സ്ഥാപിക്കാന്‍ തീരുമാനമായതായി എം.പി ചര്‍ച്ചക്കു ശേഷം പറഞ്ഞു.
പുതിയ പ്ലാറ്റ് ഫോമിനോടു ചേര്‍ന്ന് പണം കൊടുത്ത് ഉപയോഗിക്കാവുന്ന ടോയിലറ്റിന്റെ നിര്‍മാണവും വൈകാതെ പൂര്‍ത്തിയാക്കും. പ്ലാറ്റ് ഫോമില്‍ പുതിയ ഒരു പാസഞ്ചര്‍ ഷെല്‍ട്ടര്‍ കൂടി എം.പി ഫണ്ടുപയോഗിച്ച് നിര്‍മിക്കും. മൂന്നാമത്തെ ഷെല്‍ട്ടറിനായി എം.ഐ ഷാനവാസുമായി ചര്‍ച്ച നടത്തുമെന്നും എം.പി. അബ്ദുല്‍ വഹാബ് പറഞ്ഞു.
സ്റ്റേഷനില്‍ ഉപയോഗിക്കുന്നതിനായുള്ള ജനറേറ്ററും തന്റെ ഫണ്ടുപയോഗിച്ച് സ്ഥാപിക്കുന്നതില്‍ തടസമില്ലെങ്കില്‍ ഇതിനുള്ള തുകയും അനുവദിക്കും. രാമന്‍കുത്ത് സബ് വേക്കായി റെയില്‍വേ തയാറാക്കിയ പദ്ധതിപ്രകാരം രണ്ടു കോടി 25 ലക്ഷം രൂപ ചെലവു വരും. ഇതിനായി എം.പി, എം.എല്‍.എ, നഗരസഭ ഫണ്ടുകള്‍ സംയുക്തമായി ലഭ്യമാക്കാനാവുമോ എന്ന കാര്യവും ചര്‍ച്ച നടത്തും. പുതിയ സര്‍വിസുകള്‍ക്കായി ക്രോസിങ് സ്റ്റേഷനുകളുടെ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും നിലമ്പൂര്‍ സ്റ്റേഷനിലെ ഗുഡ്സ് ഷെഡില്‍ നിന്നും വാഹനങ്ങള്‍ക്കു പോകുന്നതിനായുള്ള റോഡു നിര്‍മാണം വാഹനങ്ങളെത്തുന്ന മുറക്കു പരിഗണിക്കാനാവുമെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നരേഷ് ലാല്‍വാനി ചര്‍ച്ചക്കു ശേഷം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."