റോഡരികില്‍ വലിയ ചാലുകളും കുഴികളും
കൊണ്ടോട്ടി: കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡരികിലെ വലിയ ചാലുകളും കുഴികളും അപകടക്കെണിയൊരുക്കുന്നു. ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡുകളുടെ വശങ്ങള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഇതുവരെ പുനരുദ്ധാര പ്രവൃത്തികള്‍ നടന്നിട്ടില്ല. ചീക്കോട് കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡ് വെട്ടിപ്പൊളിച്ചതാണ് റോഡിന്റെ വശങ്ങള്‍ തകരാന്‍ കാരണം. മഴക്കാലമായതോടെ റോഡരികിലെ വലിയ ചാലുകളിലൂടെ വെള്ളം കുത്തിയൊഴുകി പലയിടത്തും വലിയ കിടങ്ങുകളായി മാറിയിരിക്കുകയാണ്.
പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പണി പൂര്‍ത്തീകരിച്ച് വര്‍ഷങ്ങളായിട്ടും റോഡ് പഴയസ്ഥിതിയിലേക്ക് മാറ്റാനുള്ള നടപടികളൊന്നും ഇതുവരെ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. കൊണ്ടോട്ടിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട റോഡാണ് കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ്. ദിവസവും നിരവധി ബസുകളാണ് ഇതുവഴി സര്‍വിസ് നടത്തുന്നത്. കൂടാതെ, കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.
ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള റോഡിന്റെ വശങ്ങളാണ് ഏറെ തകര്‍ന്നത്. രണ്ടു വാഹനങ്ങള്‍ സൈഡ് നല്‍കി പോകുമ്പോള്‍ റോഡരികിലെ കുഴിയിലേക്ക് വീഴുന്നതടക്കമുളള അപകടങ്ങളും വര്‍ധിച്ചിട്ടുണ്ട്. റോഡ് പലയിടത്തും വീതിയില്ലാത്തതിനാല്‍ ഇരുചക്ര വാഹനങ്ങളാണ് ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നത്. ചീക്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകള്‍ മിക്കതും പുനരുദ്ധാരണം നടത്തിയെങ്കിലും കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് നന്നാക്കാന്‍ അധികൃതര്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."