കോഴിക്കോട്ടെ ചക്കിലിയന്‍ സമുദായത്തിന് സംവരണത്തിന് അര്‍ഹത
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ചക്കിലിയന്‍ സമുദായത്തിന് പട്ടികജാതി സംവരണത്തിന് അര്‍ഹതയുണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ചക്കിലിയന്‍ സമുദായം എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും കോഴിക്കോട് ജില്ലയിലെ കുടുംബങ്ങള്‍ക്ക് 1950ന് മുന്‍പ് കുടിയേറി പാര്‍ത്തവരാണെന്ന് തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ പട്ടികജാതി എന്ന നിലയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നല്‍കിയിരുന്നില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് നഗരസഭയില്‍ തോട്ടിപ്പണിക്കായി തമിഴ്‌നാട്ടില്‍നിന്നു കൊണ്ടുവന്ന ചക്കിലിയന്‍ സമുദായത്തില്‍പ്പെട്ടവരുടെ പിന്‍മുറക്കാരാണ് നിലവില്‍ കോഴിക്കോട് ജില്ലയിലുള്ളത്. ഇവര്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് സംബന്ധിച്ച് നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. 1950ന് മുന്‍പ് കേരളത്തില്‍ കുടിയേറിയ ഇവര്‍ പട്ടികജാതി ചക്കിലിയന്‍ സമുദായമാണെന്നും അവര്‍ക്ക് പട്ടികജാതി സംവരണത്തിന് അര്‍ഹതയുണ്ടെന്നും കണ്ടെത്തിയ കിര്‍ത്താഡ്‌സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോഴിക്കോട് ജില്ലയിലെ ചക്കിലിയന്‍ സമുദായത്തിന് പട്ടികജാതി സംവരണം അനുവദിച്ച് ഉത്തരവായത്.
കോഴിക്കോട്ടെ രണ്ടായിരത്തോളം വരുന്ന ചക്കിലിയര്‍ കുടുംബങ്ങളുടെ പതിറ്റാണ്ടുകളായുള്ള അവകാശ പോരാട്ടത്തിനാണ് ഇതോടെ വിജയമായത്. അവകാശപ്പെട്ട ജാതി സര്‍ട്ടിഫിക്കറ്റ് പോലും നിഷേധിക്കപ്പെട്ട് ദുരിതത്തിലായിരുന്നു ഈ വിഭാഗം. വര്‍ഷങ്ങളായി ജീവിക്കുന്നതും വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും എല്ലാം തന്നെ കേരളത്തിലാണ്, എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റിന് തമിഴ്‌നാട്ടില്‍ പോകണമെന്ന അവസ്ഥയിലായിരുന്നു. ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തത് കാരണം സംവരണ വിഭാഗത്തില്‍ വരുന്ന ആനുകൂല്യങ്ങള്‍, വിഭ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ തുടങ്ങി പലതും ഇവര്‍ക്ക് അന്യമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."