ഭാരത സംസ്‌കാരം സംഹാരത്തിന്റേതല്ല, സംവാദത്തിന്റേത്: സ്പീക്കര്‍
കോഴിക്കോട്: ഭാരത സംസ്‌കാരം സംഹാരത്തിന്റേതല്ല, സംവാദത്തിന്റേതാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഭരണഘടനയാണ് ഇന്ത്യയെ നിലനിര്‍ത്തുന്നത്. വിശ്വാസമല്ല. മാറ്റങ്ങള്‍ക്കു മുന്‍പേ നടന്നവര്‍ക്ക് വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ക്രിസ്ത്യന്‍ കോളജിന്റെ 110-ാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവാദങ്ങളുടെ തുടര്‍ച്ചയാണ് മഹാഭാരതം. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സംവാദത്തെ കാണാന്‍ സാധിക്കും. ആചാരങ്ങള്‍ കാലത്തെ അതിജീവിച്ച് എല്ലാ കാലവും നിലനില്‍ക്കുമെന്നത് കരുതുന്നതും ആചാരങ്ങളെ ബലപ്രയോഗത്തിലൂടെ സംരക്ഷിക്കണമെന്നു വാശിപ്പിടിക്കുകയും ചെയ്യുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ സംവാദാധിഷ്ഠിതമായ സ്വഭാവത്തിനു ചേര്‍ന്നതല്ല.
കേരളം സമന്വയ ജീവിതത്തിന്റെ ശക്തമായ നാടാണ്. ഭാരതത്തിന്റെ സംസ്‌കാരം പേറ്റന്റ് എടുത്ത് പെട്ടിയില്‍ പൂട്ടിവയ്‌ക്കേണ്ട ഒന്നല്ല. അതു മാറിമറഞ്ഞുകൊണ്ടിരിക്കുന്ന കലര്‍പ്പിന്റെ ഉത്സവമാണ്. നവോത്ഥാനം എന്നു പറയുന്നത് പണ്ടത്തെ കാലത്തെ കുറിച്ച് ഓര്‍മിക്കാനും അയവിറക്കാനുമുള്ള കാര്യമെന്നാണ് ചിലര്‍ കരുതുന്നത്. ചരിത്രത്തില്‍ പുതിയ കാര്യങ്ങള്‍ സ്വീകരിക്കുന്നവര്‍ വലിയ പീഡനാനുഭവങ്ങളാണു നേരിട്ടത്. തന്റെ ജീവിതത്തിന്റെ ആത്മാംശം നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് അംബേദ്ക്കറും കൂട്ടാളികളും ഈ രാജ്യത്തിന്റെ ഭരണഘടന രൂപീകരിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു.
സി.എസ്.ഐ മലബാര്‍ മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍ അധ്യക്ഷനായി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, കെ. ഫനീഫ, ജയപാല്‍ സാമുവല്‍ സക്കായ, ഡോ. ലംബര്‍ട്ട് കിഷോര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഡി.പി ഗോഡ്‌വിന്‍ സാംരാജ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."