മരുഭൂമിയിലെ കൂട്ടുകാര്‍ക്ക് ആശ്വാസമായി നോമ്പ് തുറകള്‍
റിയാദ്: മരുഭൂമിയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ് വിവിധയിടങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ റമദാനിലെ നോമ്പ് തുറ. സാധാരണ ഗതിയില്‍ തന്നെ ശരിയായ ഭക്ഷണം പോലും ലഭിക്കാത്ത ഇവര്‍ക്ക് റമദാനിലെ പുണ്യ ദിനങ്ങങ്ങളില്‍ ലഭിക്കുന്ന വിഭവ സമൃദ്ധമായ സദ്യ ഏറെ ആശ്വാസം പകരുന്നതാണ്. ഇതില്‍ മുന്നൂറോളം തൊഴിലാളികള്‍ക്ക് നിത്യേന നോമ്പ് തുറ ഒരുക്കുന്നത് ഒരു കൂട്ടം യുവാക്കളാണ്.
മദീനക്കടുത്ത വ്യാവസായിക നഗരിയായ യാമ്പുവില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവിടെ തൊഴിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നോമ്പ് തുറ സദ്യയുമായി യുവാക്കള്‍ വിഭവങ്ങള്‍ എത്തിച്ചു നല്‍കുന്നത്.
യാമ്പു റോയല്‍ കമ്മീഷനിലെ ഉദ്യോഗസ്ഥനായ ശ്രീലങ്കന്‍ സ്വദേശി ഉമര്‍ അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ മുന്നൂറോളം പേര്‍ക്ക് ഇഫ്താറിന് ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ദിവസവും ഇവിടെ ഒരുക്കുന്നത്. രണ്ടര പതിറ്റാണ്ടായി ഈ പുണ്യ കര്‍മ്മം ഇവിടെ പതിവാക്കിയിട്ട്. കണ്ണെത്താ മണല്‍ക്കാട്ടില്‍ കൃഷിയിടങ്ങളും ലേബര്‍ ക്യാമ്പുകളും മാത്രമുള്ള പ്രദേശത്ത് സഊദി അരാംകോയുടെ വിശ്രമ കേന്ദ്രത്തിലാണ് നോമ്പ് തുറ സംഘടിപ്പിക്കുന്നത്.
ഇന്ത്യക്കാര്‍ക്കു പുറമെ സുഡാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ വളരെ തുഛമായ വരുമാനമുള്ള വ്യവസായ ശാലകളിലും കൃഷിയിടങ്ങളിലുമായി തൊഴിലെടുക്കുന്നവരാണ് ഇവിടെ നോമ്പ് തുറക്കാന്‍ എത്തുന്നത്. ജോലി കഴിഞ്ഞു വൈകുന്നേരം ക്യാമ്പിലെത്തി ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്ത തൊഴിലാളികള്‍ക്ക് വലിയ അനുഗ്രഹമാണ് മരുഭൂമിയിലെ ഈ നോമ്പുതുറ.
കൂടാതെ, മണല്‍ക്കാടുകളില്‍ ആടിനെ മേച്ചും ഒട്ടകങ്ങളെ നോക്കിയും ജീവിതം തള്ളിനീക്കിയവര്‍ക്കും സന്നദ്ധ സംഘടനകള്‍ വിവിധയിടങ്ങളിലായി നോമ്പു തുറ സംവിധാനം ഒരുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മരുഭൂമിയിലെ കൂട്ടുകാരായ ആട് , ഒട്ടകം തൊഴിലാളികള്‍ക്ക് നോര്‍ക്ക കണ്‍സല്‍ട്ടന്റ് ശിഹാബ് കൊട്ടുകാടിന്റെ നേതൃത്തത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയും റമദാന്‍ കിറ്റ് വിതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."