കോടതിയോട് ബഹുമാനക്കുറവുള്ളതിനാലാണ് സഞ്ജീവ് ഭട്ടിന് ജാമ്യം നിഷേധിച്ചതെന്ന് ഹൈക്കോടതി
തെറ്റായ നടപടിക്രമങ്ങളിലൂടെ കോടതിയെ അവമതിക്കല്‍ ശീലമാക്കിയയാളാണ് ഭട്ട്. തന്നെയുമല്ല, കോടതിയെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിട്ടുണ്ട്- ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു
അഹമ്മദാബാദ്: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ജാമ്യം നിഷേധിക്കാനുണ്ടായ കാരണം വിശദീകരിച്ച് ഗുജറാത്ത് ഹൈക്കോടതി. കോടതിയോട് ബഹുമാനക്കുറവുള്ളതിനാലാണ് ഭട്ടിന് കഴിഞ്ഞമാസം 25ന് ജാമ്യം നല്‍കാതിരുന്നതെന്ന് ജഡ്ജിമാരായ ബെല ത്രിവേദിയും എ.സി റാവുവും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
കഴിഞ്ഞമാസം 25ന് ഭട്ടിന് ജാമ്യം നിഷേധിച്ച് ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദരൂപം കഴിഞ്ഞദിവസമാണ് കോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പങ്ക് സംബന്ധിച്ച വെളിപ്പെടുത്തലിലൂടെ ബി.ജെ.പിയുടെ പ്രതികാര നടപടിക്കു വിധേയനായ സഞ്ജീവ് ഭട്ട്, 28 വര്‍ഷം പഴക്കമുള്ള കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒരുവര്‍ഷത്തിലേറെയായി ജയിലിലാണ്.
കൊലപാതകക്കുറ്റം ചുമത്തപ്പെട്ടയാളാണ് ഭട്ടെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ പ്രതിക്ക് അനുകൂലമായി ഇപ്പോള്‍ തന്നെ അനുമാനം നടത്തേണ്ടതില്ല. കോടതിയോട് ബഹുമാനക്കുറവുള്ളയാളാണ് പ്രതി. തെറ്റായ നടപടിക്രമങ്ങളിലൂടെ കോടതിയെ അവമതിക്കല്‍ ശീലമാക്കിയയാളാണ് ഭട്ട്. തന്നെയുമല്ല, കോടതിയെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിട്ടുണ്ട്- ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് ബേലത്രിവേദിയാണ് വിധി എഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."