പി.വി സിന്ധുവിന് കേരളത്തിന്റെ ആദരം
തിരുവനന്തപുരം: പി.വി സിന്ധുവിന്റെ ബാറ്റ്മിന്റണ്‍ ലോകകിരീട നേട്ടം മുഴുവന്‍ കായിക താരങ്ങള്‍ക്കും പ്രചോദനം നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പി.വി സിന്ധുവിന് ആദരവ് അര്‍പ്പിക്കാനായി ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കായിക പ്രതിഭകള്‍ക്ക് സിന്ധു മാതൃകയാണ്. ഒളിമ്പിക്സിലെ വെള്ളി മെഡല്‍ സ്വര്‍ണമാക്കി മാറ്റാനുള്ള മികവ് സിന്ധു ആര്‍ജിച്ചിരിക്കുന്നു. വിമര്‍ശനങ്ങളെ ഇന്ധനമാക്കി മാറ്റി താനൊരു പോരാളിയാണെന്ന് സിന്ധു തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കായിക വികസനത്തിന് പി.വി സിന്ധുവിന്റെ സഹകരണവും അദ്ദേഹം അഭ്യര്‍ഥിച്ചു. പി.വി സിന്ധുവിന് കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി കൈമാറി. കേരള ഒളിമ്പിക് അസോസിയേഷന്റെ ഓണ്‍ലൈന്‍ ചാനല്‍ സിന്ധു ഉദ്ഘാടനം ചെയ്തു. കായിക മന്ത്രി ഇ.പി ജയരാജന് അധ്യക്ഷത വഹിച്ചു. കേരളം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് തീം സോങ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രകാശനം ചെയ്തു.
അതേസമയം, കായിക രംഗത്ത് കേരളത്തിന്റെ പിന്തുണ മഹത്തരമെന്ന് ലോക ബാറ്റ്മിന്റണ്‍ ചാംപ്യന്‍ പി.വി സിന്ധു. കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടാന്‍ ശ്രമിക്കും. എന്നാല്‍ സ്വര്‍ണം നേടാന്‍ അമിത സമ്മര്‍ദമില്ല. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും പ്രാര്‍ഥനയും സ്നേഹവും തനിക്കൊപ്പമുണ്ട്. കേരളം മനോഹരമായ സ്ഥലമാണെന്നും ജനങ്ങള്‍ സ്നേഹസമ്പന്നരാണെന്നും പറഞ്ഞ സിന്ധു വീണ്ടും കേരളത്തില്‍ വരുമെന്നും അറിയിച്ചു. ബാറ്റ്മിന്റണ്‍ ചാംപ്യന്‍ ആയതിനു ശേഷം ഇതാദ്യമായാണ് സിന്ധു കേരളത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."