ഗവര്‍ണര്‍ ജനറലും വൈസ്രോയിയും
പ്ലാസി യുദ്ധവും ബ്രിട്ടീഷ് ആധിപത്യവും
1757 ലാണ് പ്ലാസിയുദ്ധം നടന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് കാരണമായത് ഈ യുദ്ധമായിരുന്നു. കൊല്‍ക്കത്തയ്ക്കു ചുറ്റും ബ്രിട്ടീഷുകാര്‍ കോട്ട നിര്‍മിക്കാന്‍ പദ്ധതിയിട്ടതും ബംഗാളിലെ നവാബ് സിറാജ് ഉദ് ദൗള 1756 ല്‍ കൊല്‍ക്കത്തയിലെ വില്യം ഫോര്‍ട്ട് പിടിച്ചടക്കിയതും യുദ്ധത്തിനു കാരണമായി. റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യവും ബംഗാളിലെ നവാബ് സിറാജ് ഉദ് ദൗളയുടെ നേതൃത്വത്തിലുള്ള സൈന്യവും തമ്മില്‍ മുര്‍ഷിദാബാദിനടുത്തുള്ള പ്ലാസിയില്‍ നടന്നയുദ്ധമാണിത്. 1757 ജൂണ്‍ 23 നാണ് പശ്ചിമ ബംഗാളിലെ ഭാഗിരഥി നദീതീരത്തെ പലാശി പട്ടണത്തില്‍ യുദ്ധം നടക്കുന്നത്. സ്ഥാന മോഹിയായ സേനാനായകന്‍ മിര്‍ജാഫറിന്റെ ചതിയെ തുടര്‍ന്ന് യുദ്ധത്തില്‍ നവാബ് പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. ഇതോടെ മിര്‍ജാഫര്‍ ബംഗാളിലെ നവാബായി. യുദ്ധം നടന്ന പട്ടണത്തിന്റെ ശരിയായ പേര് പലാശി എന്നായിരുന്നെങ്കിലും ബ്രിട്ടീഷ് ഉച്ചാരണം പ്ലാസി ആയതോടെ പലാശിയില്‍ നടന്ന യുദ്ധം പ്ലാസി യുദ്ധമായി. ഈ പ്രദേശത്ത് കൂടുതലായി കാണപ്പെടുന്ന പലാശ് എന്ന ചുവന്ന പൂക്കളുടെ പേരില്‍നിന്നാണ് പട്ടണത്തിന് പലാശി എന്ന പേരു ലഭിച്ചതെന്ന് കരുതപ്പെടുന്നു. (പലാശ് പൂക്കള്‍ ഹോളി ആഘോഷങ്ങള്‍ക്കുള്ള നിറപ്പൊടി നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്). ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് യുദ്ധവിജയത്തോടെ റോബര്‍ട്ട് ക്ലൈവ് അവരോധിക്കപ്പെടുകയും ദ്വിഭരണം നടപ്പിലാക്കുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയുടെ ബാബര്‍ എന്നാണ് റോബര്‍ട്ട് ക്ലൈവിനെ വിശേഷിപ്പിക്കപ്പെടുന്നത്. സ്വര്‍ഗജാതനായ ജനറല്‍ എന്ന അപരനാമവും ഇദ്ദേഹത്തിനുണ്ട്.
വര്‍ഗണറുടെ വരവ്
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്ലാസിയുദ്ധ വിജയത്തോടെയാണ് ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിലാകുന്നത്. തുടര്‍ന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്വകാര്യതാല്‍പ്പര്യങ്ങള്‍ ഇന്ത്യന്‍ ജനതയുടെമേല്‍ അടിച്ചേല്‍പ്പിച്ചു തുടങ്ങി. 1773 ലെ റഗുലേറ്റിങ് ആക്റ്റാണ് ഇതിന് കടിഞ്ഞാണിടുന്നത്. ഇതുപ്രകാരം ബംഗാള്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ക്ക്, ഗവര്‍ണര്‍ ജനറല്‍ എന്ന സ്ഥാനപ്പേര് ലഭിച്ചു. ഗവര്‍ണര്‍ ജനറലിന്റെ രംഗപ്രവേശനത്തോടെ കമ്പനിയുടെ താല്‍പ്പര്യങ്ങള്‍ ബ്രിട്ടീഷ് ഗവര്‍മെന്റിന്റെ താല്‍പ്പര്യങ്ങളിലേക്കു വഴി മാറിത്തുടങ്ങി.
വാറന്‍ ഹേസ്റ്റിങ് ആണ് ബംഗാളിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായി ചുമതലയേറ്റത്. വില്യം കോട്ടയുടെ അധികാരം മാത്രമായിരുന്നു ആദ്യ കാലത്ത് ഗവര്‍ണര്‍മാര്‍ക്കുണ്ടായിരുന്നത്. 1883 ലെ ചാര്‍ട്ടര്‍ നിയമം ഗവര്‍ണര്‍ ജനറല്‍ എന്ന പദവിയെ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറല്‍ എന്ന പദവിയിലേക്കുയര്‍ത്തി. ഈ സ്ഥാനം വഹിച്ച ആദ്യത്തെയാള്‍ വില്യം ബെന്റിക് പ്രഭുവാണ്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തോടെ ഇന്ത്യയുടെ നിയന്ത്രണം പൂര്‍ണമായും ബ്രിട്ടീഷ് പാര്‍ലമെന്റിനു കീഴിലായി. ഇതോടെ ബ്രിട്ടന്റെ പ്രതിനിധി വൈസ്രോയി എന്ന പദവിക്ക് അര്‍ഹരായി. ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി ആയത് കാനിങ് പ്രഭുവാണ്. 1947ല്‍ ഇന്ത്യ സ്വതന്ത്രമായെങ്കിലും ഏതാനും മാസങ്ങള്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് പ്രതിനിധികള്‍ തുടരുകയുണ്ടായി. മൗണ്ട് ബാറ്റണ്‍ അങ്ങനെ ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറലും ആയി. 1950ല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഗവര്‍ണര്‍ ജനറല്‍ എന്ന പദവി നിര്‍ത്തലാക്കി. ഇന്ത്യക്കാരനായ സി.രാജഗോപാലാചാരിയാണ് സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍.
വാറന്‍ ഹേസ്റ്റിങ് (1773-1785)
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ബംഗാള്‍ ഗവര്‍ണര്‍ ജനറല്‍ ആണ് വാറന്‍ ഹേസ്റ്റിങ്. ഒന്നാം മറാത്ത യുദ്ധം(1775-82), രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധം(1780-84), ഒന്നാം റോഹില്ല യുദ്ധം (1773-1774) എന്നിവ ഇദ്ദേഹത്തിന്റെ ഭരണകാലത്താണുണ്ടായത്. പിറ്റ്‌സ് ഇന്ത്യാ ആക്റ്റ് (1784) രൂപം കൊണ്ടതും ഈ കാലഘട്ടത്തിലാണ്. ബ്രിട്ടീഷ് പാര്‍ലമെന്റ് നിയമിച്ച ആദ്യത്തെ ബംഗാള്‍ ഗവര്‍ണര്‍ ജനറല്‍ ആണ് വാറന്‍ ഹേസ്റ്റിങ്.
ജോണ്‍ മക്‌ഫേഴ്‌സണ്‍ (1785-1786)
വാറന്‍ ഹേസ്റ്റിങിന് ശേഷം ആക്റ്റിങ് ഗവര്‍ണര്‍ സ്ഥാനം വഹിച്ചയാളാണ് ജോണ്‍ മക്‌ഫേഴ്‌സണ്‍.ഇദ്ദേഹത്തെ സര്‍ സ്ഥാനം നല്‍കി ആദരിക്കുകയുണ്ടായി.
ചാള്‍സ് കോണ്‍വാലീസ് (1786-1793)
നീതിന്യായ വ്യവസ്ഥ പരിഷ്‌കരണത്തിനും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അഴിമതി ഭരണമുക്തിക്കും ചുക്കാന്‍ പിടിച്ചത് കോണ്‍വാലീസ് പ്രഭുവാണ്. ജമീന്ദാരി നികുതി വ്യവസ്ഥ ഇദ്ദേഹമാണ് നടപ്പിലാക്കിയത്. മൂന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധം(1790-1792) ഇദ്ദേഹത്തിന്റെ കാലത്താണുണ്ടായത്. 1805 ല്‍ മൂന്ന് മാസക്കാലം ഇദ്ദേഹം രണ്ടാമതും ഗവര്‍ണര്‍ സ്ഥാനം അലങ്കരിച്ചു. ഇന്ത്യന്‍ സിവില്‍ സര്‍വിസിന്റെ പിതാവ് എന്ന അപരനാമത്തിലും ഇദ്ദേഹം അറിയപ്പെടുന്നു.
ജോണ്‍ ഷോര്‍(1793-1798)
രണ്ടാം റോഹില്ല യുദ്ധം(1794), ബാറ്റില്‍ ഓഫ് കര്‍ദ്ദ (1795) എന്നിവ ഇദ്ദേഹത്തിന്റെ കാലത്താണുണ്ടായത്.
അല്യൂഡ് ക്ലര്‍ക്ക് (1798-1798)
ജോണ്‍ ഷോറിനു ശേഷം ആക്റ്റിങ് ഗവര്‍ണര്‍ സ്ഥാനം വഹിച്ചത് അല്യൂഡ് ക്ലര്‍ക്ക് ആണ്. മൂന്നു മാസക്കാലമായിരുന്നു ഇദ്ദേഹത്തിന്റെ ഭരണ കാലം.
റിച്ചാര്‍ഡ് വെല്ലസ്ലി(1798-1805)
ടിപ്പു സുല്‍ത്താനെ അമര്‍ച്ചചെയ്യാനായി കഠിനാദ്ധ്വാനം ചെയ്ത ഗവര്‍ണര്‍ ജനറല്‍ ആണ് റിച്ചാര്‍ഡ് വെല്ലസ്ലി. നാലാം ആംഗ്ലോ മൈസൂര്‍ യുദ്ധം(1799), രണ്ടാം ആംഗ്ലോ മറാത്ത യുദ്ധം(1803-1805) എന്നിവ ഇദ്ദേഹത്തിന്റെ ഭരണകാലത്താണുണ്ടായത്. ബംഗാള്‍ ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ഉയര്‍ന്നു വന്നത്.
ജോര്‍ജ്ജ് ബാര്‍ലോ (1805-1807)
റിച്ചാര്‍ഡ് വെല്ലസിക്ക് ശേഷം മൂന്നു മാസക്കാലം ചാള്‍സ് കാണ്‍വാലീസ ഗവര്‍ണര്‍ പദവി രണ്ടാമതും വഹിക്കുകയുണ്ടായി. ഇദ്ദേഹത്തിന് ശേഷം ഗവര്‍ണറായത് ജോര്‍ജ്ജ് ബാര്‍ലോ ആണ്.
മിന്റോ പ്രഭു
(1807-1813)
1813 ലെ ചാര്‍ട്ടര്‍ ആക്റ്റും സിഖ് രാജാവായ മഹാരാജ രജ്ഞിത് സിങുമായുള്ള അമൃത് സര്‍ കരാറും ഇദ്ദേഹത്തിന്റെ ഭരണകാലത്താണുണ്ടായത്.
ഫ്രാന്‍സിസ് റാഡന്‍ ഹേസ്റ്റിങ് (1813-1823)
മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധം(1816-1818), പിണ്ടാരികള്‍ക്കെതിരേയുള്ള യുദ്ധം(1817-1818), ബോംബെ പ്രസിഡന്‍സിയുടെ രൂപീകരണം(1818) തുടങ്ങിയ ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.
ജോണ്‍ ആഡം(1823-1823)
ഹേസ്റ്റിങിന് ശേഷം ബംഗാള്‍ ഗവര്‍ണറായത് ഇദ്ദേഹമാണ്. എട്ടുമാസക്കാലമാണ് ഇദ്ദേഹം ആക്റ്റിങ് ഗവര്‍ണറായി സ്ഥാനം വഹിച്ചത്.
വില്യം പിറ്റ് ആംഹേഴ്സ്റ്റ് (1823-1828)
ഒന്നാം ബര്‍മയുദ്ധവും (1824-1826) ഇതിനെത്തുടര്‍ന്നുണ്ടായ യാന്റബൂ കരാറും(1826)ഇദ്ദേഹത്തിന്റെ കാലത്താണുണ്ടായത്. കല്‍ക്കത്തയില്‍ സംസ്‌കൃത കോളേജ് ആരംഭിച്ചതും ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.
വില്യം ബട്ടര്‍വത്ത്
ബെയ്‌ലി (1828-1828)
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചെയര്‍മാനായിരുന്ന വില്യം ബട്ടര്‍വത്ത് ബെയ്‌ലി അഞ്ച് മാസക്കാലമാണ് ഗവര്‍ണറായി ചുമതലയേറ്റത്.
വില്യം ബെന്റിക്
(1828-1835)
വില്യം ബെന്റിക് ബംഗാള്‍ ഗവര്‍ണര്‍ ജനറലായി സേവനമനുഷ്ടിക്കവേയാണ് ഈ പദവിയെ ചാര്‍ട്ടര്‍ ആക്റ്റിലൂടെ ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്നാക്കി ഉയര്‍ത്തുന്നത്. സതിയും ശിശുഹത്യയും ഇദ്ദേഹം നിര്‍ത്തലാക്കി. കല്‍ക്കത്ത മെഡിക്കല്‍ കോളജ് സ്ഥാപിച്ചതും സാമൂഹ്യദ്രോഹികളായ തഗ്ഗുകളെ അമര്‍ച്ച ചെയ്തതും ഇദ്ദേഹത്തിന്റെ കാലത്താണ്. ഇംഗ്ലീഷ് എജ്യൂക്കേഷന്‍ ആക്റ്റ് ഇദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാനപ്പെട്ട നേട്ടമാണ്. കോടതികളില്‍ മാതൃഭാഷ ഉപയോഗിക്കാന്‍ ഇദ്ദേഹം അവസരമുണ്ടാക്കി.
ചാള്‍സ് മെറ്റ്കാഫ് (1835-1836)
വില്യം ബെന്റികിന് ശേഷം ആക്റ്റിങ് ഗവര്‍ണര്‍ സ്ഥാനം വഹിച്ചത് ഇദ്ദേഹമാണ്. ലിബറേറ്റര്‍ ഓഫ് ഇന്ത്യന്‍ പ്രസ് എന്ന പേരില്‍ അറിയപ്പെട്ടു. കൊല്‍ക്കത്തയിലെ പബ്ലിക് ലൈബ്രറി(1836) ആരംഭിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.
ഓക്ലന്റ് പ്രഭു (1836-1846)
ജോര്‍ജ്ജ് ഈഡന്‍ ഓക്ലന്റ് എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. മദ്ധ്യേഷ്യയിലെ റഷ്യന്‍ മുന്നേറ്റം തടയിടാനും ബ്രിട്ടീഷ് ആശ്രിതനായ ഷാ ഷൂജയെ അഫ്ഗാനില്‍ അധികാരത്തിലേല്‍പ്പിക്കാനും ലക്ഷ്യമിട്ട് നടന്ന ആദ്യത്തെ ആംഗ്ലോ -അഫ്ഗാന്‍ യുദ്ധം(1839-1842) ഇദ്ദേഹത്തിന്റെ കാലത്താണുണ്ടായത്. ഈ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഓക്ലന്റ് പ്രഭുവിനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്തു.
ഹെന്റി ഹാര്‍ഡിഞ്ച് (1844-1848)
ഒന്നാം ആംഗ്ലോ സിഖ് യുദ്ധത്തിലൂടെ(1845-1846) ബ്രിട്ടീഷ് ഭരണം പഞ്ചാബിലേക്ക് വ്യാപിക്കുന്നതില്‍ ഇദ്ദേഹം മുഖ്യ പങ്കുവഹിച്ചു. യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത ഹാര്‍ഡിഞ്ച് ഇതിനെത്തുടര്‍ന്നുണ്ടായ ലാഹോര്‍ കരാറിനും(1846)സാക്ഷിയായി. റൂര്‍ക്കെ എന്‍ജിനീയറിംഗ് കോളജ്(1847) ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് പ്രാവര്‍ത്തികമായത്.
ഡല്‍ഹൗസി പ്രഭു (1848-1856)
ദത്താവകാശ നിരോധന നിയമം(1848), ആദ്യത്തെ ടെലിഗ്രാഫ് ലൈന്‍ ആയ ഡയമണ്ട് ഹാര്‍ബര്‍ -കല്‍ക്കത്ത(1851), രണ്ടാം ആംഗ്ലോ ബര്‍മന്‍ യുദ്ധം(1852), ഇന്ത്യയിലെ ആദ്യ റെയില്‍പ്പാതയായ ബോംബെ-താന(1853), രണ്ടാം ആംഗ്ലോ സിഖ് യുദ്ധം(1848-1849), സാന്താള്‍ കലാപം (1855) എന്നിവ ഇദ്ദേഹത്തിന്റെ കാലത്താണുണ്ടായത്. വിധവാവിവാഹം നിയവിധേയമാക്കുന്നതിലും സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും ചുക്കാന്‍ പിടിച്ചു. കാര്‍ഷിക വ്യവസായ ഗതാഗത മേഖലകളില്‍ ആധുനിക രീതികള്‍ നടപ്പിലാക്കി. ഏകീകൃത തപാല്‍ നിരക്ക് കൊണ്ടുവരികയും ഓരോ സംസ്ഥാനത്തിനും പ്രത്യേക വിദ്യാഭ്യാസ വകുപ്പ് കൊണ്ട് വരികയും ചെയ്തു. ആധുനിക ഇന്ത്യയുടെ നിര്‍മാതാവ് എന്ന പേരിലാണ് ഡല്‍ഹൗസി പ്രഭു അറിയപ്പെടുന്നത്.
വില്യം വില്‍ബെര്‍ ഫോഴ്‌സ് (1844-1844)
ഒരു മാസക്കാലമാണ് ഇദ്ദേഹം ഇന്ത്യയുടെ ആക്റ്റിങ് ഗവര്‍ണറായി സ്ഥാനമനുഷ്ടിച്ചത്.
എല്ലന്‍ബറോ പ്രഭു (1842-1844)
ഗ്വാളിയാര്‍ യുദ്ധം(1843) നടക്കുമ്പോള്‍ ഇദ്ദേഹമായിരുന്നു ഇന്ത്യന്‍ ഗവര്‍ണര്‍. ബാങ്ക് ഓഫ് മദ്രാസ് എല്ലന്‍ബറോ പ്രഭുവിന്റെ ഭരണകാലത്താണ് രൂപം കൊണ്ടത് (1843). ഈ ബാങ്കാണ് ആദ്യം ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യയായും പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായും മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."