കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള നിയന്ത്രണം ഇന്ന് അവസാനിക്കും; താഴ്‌വരക്ക് പൂട്ടിട്ടിട്ട് ഇന്നേക്ക് 67 നാള്‍
ജമ്മു: കശ്മീരില്‍ വിനോദ സഞ്ചാരത്തിന് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണം ഇന്ന് അവസാനിക്കും. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ആണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് രണ്ടിനാണ് വിനോദ സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷ ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണം.
കശ്മീര്‍ താഴ് വാരത്തില്‍ ജനജീവിതം സ്തംഭിച്ചിട്ട് ഇന്നേക്ക് 67 ദിവസമാവുകയാണ്. ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി ചുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പെടെ നൂറിലേറെ ആളുകള്‍ കരുതല്‍ തടവില്‍ തന്നെ കഴിയുകയാണ്. രണ്ടു മാസത്തിനു ശേഷമാണ് നാഷനല്‍ കോണ്‍ഫറന്‍സിന്റെ 15 അംഗ പ്രതിനിധി സംഘത്തിന് പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയെ കാണാന്‍ അനുമതി ലഭിച്ചത്. സ്‌കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം ഡിവിഷനല്‍ കമ്മീഷണര്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിന് സ്‌കൂളുകളും ഒമ്പതിന് കോളജുകളും തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. കോളജിലെ സ്റ്റാഫുകള്‍ എത്തിയെങ്കിലും വിദ്യാര്‍ഥികള്‍ വരാന്‍ തയ്യാറായിട്ടില്ല. സ്‌കൂളുകളിലും മറ്റും വിദ്യാര്‍ഥികളെ എത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."