മോദി രാജ്യത്തിന്റെ സാമ്പത്തികരംഗം തകര്‍ത്തു: രാഹുല്‍ ഗാന്ധി
റായ്പൂര്‍: മോദിയെപ്പോലെ രാജ്യത്തിന്റെ സാമ്പത്തികരംഗം തകര്‍ത്ത ഒരു പ്രധാനമന്ത്രിയും ഇന്ത്യയിലുണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ ബസ്തര്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി അധികാരത്തിലെത്തിയ ശേഷം സാമ്പത്തികരംഗത്തെ തകര്‍ത്ത തെറ്റായ നടപടികളാണ് നോട്ട് നിരോധനവും ചരക്കുസേവന നികുതിയും. നോട്ടുനിരോധനത്തെ തുടര്‍ന്നു പുതിയ നോട്ടുകള്‍ക്കായി ജനങ്ങളെ ബാങ്കുകള്‍ക്കു മുന്നില്‍ വരിനിര്‍ത്തി ദുരിതത്തിലാക്കുകയാണ് ചെയ്തത്. കള്ളപ്പണം തടയാനെന്ന പേരിലാണ് നോട്ടുനിരോധനം നടപ്പാക്കിയത്. എന്നാല്‍, കള്ളപ്പണക്കാരെയൊന്നും രാജ്യത്തു കണ്ടെത്താനായില്ലെന്നതാണ് ശ്രദ്ധേയമായ വസ്തുതയെന്നും രാഹുല്‍ ആരോപിച്ചു.
വജ്രവ്യാപാരികളായ നീരവ് മോദി, മെഹുല്‍ ചോക്‌സി, മദ്യരാജാവ് വിജയ് മല്യ, ലളിത് മോദി തുടങ്ങിയവരെല്ലാം വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ടു. ഇവരെ രാജ്യത്തു തിരിച്ചെത്തിക്കാന്‍ പോലും കേന്ദ്രസര്‍ക്കാരിനായില്ല. ജനങ്ങളെ ദുരിതത്തിലാക്കി ഇന്ധന വില ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. ഇതെല്ലാം മോദി സര്‍ക്കാരിന്റെ നേട്ടമായാണ് അവര്‍ പറയുന്നതെന്നും രാഹുല്‍ പരിഹസിച്ചു.
ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാ ജില്ലകളിലും ഭക്ഷ്യസംസ്‌കരണ യൂനിറ്റുകള്‍ തുടങ്ങും. കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ നേരിട്ടു വില്‍ക്കാന്‍ സംവിധാനമുണ്ടാക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നെല്‍കര്‍ഷകര്‍ക്കു നെല്ലിനു മിനിമം താങ്ങുവില 2,500 രൂപയായി ഉയര്‍ത്തുമെന്നും രാഹുല്‍ പറഞ്ഞു. ഛത്തിസ്ഗഢില്‍ സ്‌കൂള്‍ അധ്യാപകരുടെ 60,000 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കോളജുകളില്‍ 13,000 അധ്യാപകരുടെയും ഒഴിവുണ്ട്. ആദിവാസി മേഖലയിലെ 3,000 സ്‌കൂളുകള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇതെല്ലാം പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."