മരട്: ക്യുറേറ്റിവ് പെറ്റിഷന്‍ പരിഗണിക്കുന്നതുവരെ സാവകാശം നല്‍കണമെന്ന് താമസക്കാര്‍
കൊച്ചി: ക്യുറേറ്റിവ് പെറ്റിഷന്‍ ദസറ അവധിക്കു ശേഷം സുപ്രിം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടിക്ക് സര്‍ക്കാര്‍ സാവകാശം നല്‍കണമെന്ന് വിധിയെ തുടര്‍ന്ന് പൊളിക്കുന്ന ഫ്‌ളാറ്റുകളില്‍ ഒന്നായ 'ജയിന്‍ കോറല്‍ കോവി'ലെ താമസക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സുപ്രിം കോടതി രൂപീകരിച്ച മൂന്നംഗ കമ്മിറ്റിയുടെ തെറ്റായ റിപ്പോര്‍ട്ടാണ് ഇത്തരത്തിലുള്ളൊരു വിധിക്കു കാരണം. അതു വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടുമൊരു സത്യവാങ്മൂലം സമര്‍പ്പിക്കണം. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് മരടില്‍ സംഭവിച്ചതെന്ന് സര്‍ക്കാര്‍ ഏറ്റുപറയണം. അത്തരത്തില്‍ ഒരു സത്യവാങ്മൂലംകൂടി നല്‍കി ഫ്‌ളാറ്റ് പൊളിക്കല്‍ നേരത്തേതന്നെ ഒഴിവാക്കാമായിരുന്നു.
എന്നാല്‍ അതിനുപകരം ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കൊപ്പം കൂടി നിരപരാധികളായ താമസക്കാരെ വഴിയാധാരമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സത്യവാങ്മൂലം സമര്‍പ്പിച്ച് ഉദ്യോഗസ്ഥ വീഴ്ച കോടതിയില്‍ ബോധിപ്പിച്ചില്ലെങ്കില്‍ മൂന്നംഗ കമ്മിറ്റിക്കെതിരേ പെര്‍ജൂറിക്കും വൈക്കേരിയസ് ലയബലിറ്റിക്കും കേസ് നല്‍കും.
മരടിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു പിന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഫ്‌ളാറ്റ് നിര്‍മാതാക്കളും ബാങ്കുകളും ഉള്‍പ്പെടുന്ന ലോബിയാണ്. പൊളിക്കുന്നതിന് സാവകാശം ലഭിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരേയും നടപടികളുമായി മുന്നോട്ടുപോകും. നാലു ദിവസംകൊണ്ട് താമസക്കാരെ ഒഴിപ്പിക്കാനും മൂന്നു മാസംകൊണ്ട് പൊളിക്കാനും സുപ്രിം കോടതിയില്‍ ആക്ഷന്‍ പ്ലാന്‍ നല്‍കിയ സര്‍ക്കാര്‍ നടപടി തെറ്റായ സമീപനമാണ്.
മറ്റ് നിയമങ്ങളുടെ ലംഘനമില്ലാതെയും സ്വാഭാവിക നീതിനിഷേധം ഉണ്ടാകാതെയും കോടതി ശ്രദ്ധിക്കേണ്ടതായിരുന്നു എന്നും അവര്‍ കുറ്റപ്പെടുത്തി. സുപ്രിം കോടതിയില്‍ റിട്ട് ഹരജിയും റിവ്യു ഹരജിയും ഇപ്പോള്‍ ക്യൂറേറ്റിവ് പെറ്റിഷനും ഫയല്‍ ചെയ്ത അഡ്വ. മനോജ് സി. നായര്‍, തോമസ് എബ്രഹാം, സൈമണ്‍ എബ്രഹാം, കൃഷ്ണകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."