അറ്റ്ലസ് ചലഞ്ച് ബാസ്ക്കറ്റ്ബോള്‍: അമൃത്പാല്‍ സിങ് സിഡ്നി കിങ്സില്‍
ബംഗളൂരു: ചൈനയില്‍ നടക്കുന്ന അറ്റ്ലസ് ചലഞ്ച് ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇന്ത്യന്‍ താരം അമൃത്പാല്‍ സിങിന് ക്ഷണം. സിഡ്നി കിങ്സാണ് ഇന്ത്യന്‍ താരത്തെ ടീമില്‍ കളിക്കാനായി ക്ഷണിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. അടുത്ത മാസം 16 മുതല്‍ 25 വരെയാണ് പോരാട്ടം. സിഡ്നി കിങ്സിന്റെ ക്ഷണം കരിയറിലെ മഹത്തായ അവസരമാണെന്നും അതിന്റെ ആവേശത്തിലാണ് താനെന്നും ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അമൃത്പാല്‍ പ്രതികരിച്ചു.
ലോകത്തിലെ മികച്ച ബാസ്ക്കറ്റ്ബോള്‍ ടീമുകളും 26കാരനായ ഇന്ത്യന്‍ താരത്തെ സ്വന്തമാക്കാനായി നിലവില്‍ രംഗത്തുണ്ട്. ആസ്ത്രേലിയയിലെ നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ (എന്‍.ബി.എല്‍) ലേലത്തില്‍ അമൃത്പാലും ഉള്‍പ്പെട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ടാല്‍ എന്‍.ബി.എല്ലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി അമൃത്പാല്‍ മാറും. ഇന്ത്യയില്‍ നിന്ന് അംജ്യോത് സിങ്, യദവിന്ദര് സിങ്, വിശേഷ് ഭൃഗുവന്ഷി എന്നിവരും ലേല പട്ടികയിലുണ്ട്.
അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന അമൃത്പാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫിബ (എഫ്.ഐ.ബി.എ) ഏഷ്യ ചലഞ്ച് പോരാട്ടത്തില്‍ മികച്ച ഫോമിലായിരുന്നു. ഈ മാസം അവസാനം നടക്കുന്ന സിഡ്നി കിങ്സിന്റെ പരിശീലന ക്യാംപില്‍ താരം അംഗമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."