മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണം; ഗവര്‍ണര്‍ക്കുള്ള നിവേദനത്തില്‍ ജിഫ്‌രി തങ്ങള്‍ ഒപ്പുവച്ചു
കോഴിക്കോട്: ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ കേരള ഗവര്‍ണര്‍ക്ക് നല്‍കുന്ന നിവേദനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഒപ്പുവച്ചു. മഅ്ദനിയുടെ ആരോഗ്യനില അനുദിനം വഷളാവുന്ന സാഹചര്യത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ ഇടപെടണമെന്നും കര്‍ണാടക സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.
പൂര്‍ണമായും വീല്‍ചെയറിനെ ആശ്രിച്ച് കഴിയുന്ന മഅ്ദനിക്ക് പരസഹായമില്ലാതെ യാതൊരു കാര്യവും ചെയ്യാന്‍ സാധിക്കുകയില്ല. 14 വര്‍ഷം നീണ്ട ജയില്‍ ജീവിതത്തിനുശേഷം വിട്ടുമാറാത്ത പല രോഗങ്ങളും അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. നിസ്‌കാരത്തിനുള്ള അനുമതി പോലും അദ്ദേഹത്തിന് ലഭിക്കുന്നില്ല. പ്രമേഹം കാരണം അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. ശരീരഭാരം ഗണ്യമായി കുറഞ്ഞു.
അറസ്റ്റിലായപ്പോള്‍ ഉണ്ടായിരുന്ന 110 കിലോ ഇപ്പോള്‍ 44 കിലോയായെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മഅ്ദനിയുടെ സഹോദരന്‍ ജമാല്‍ മുഹമ്മദ്, പി.ഡി.പി സംസ്ഥാന സെക്രട്ടറി നൗഷാദ് തിക്കോടി, അഡ്വ. ത്വയ്യിബ് ഹുദവി, അഹ്മദ് കബീര്‍, അമാനി, മുജീം അസ്‌ലമി, അബ്ദുല്‍ മജീദ് അമാനി, ജാഫര്‍ അലി ദാരിമി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ജിഫ്‌രി തങ്ങള്‍ നിവേദനത്തില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."