കൂടത്തായി കേസ് വെല്ലുവിളികള്‍ നിറഞ്ഞത്: ഡി.ജി.പി
കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും, വിദേശത്തെ ഫൊറന്‍സിക് പരിശോധനയ്ക്ക് കോടതി അനുമതി വേണം
വടകര: കൂടത്തായി കൊലപാതക പരമ്പരയില്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ പങ്ക് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണസംഘത്തില്‍ മിടുക്കരായ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തും. കേസന്വേഷണം ഏറെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും പഴുതടച്ച് കോടതിയിലെത്തിക്കും. അസാധ്യമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടത്തായി പൊന്നാമറ്റം വീട് സന്ദര്‍ശിച്ച ശേഷം വടകര റൂറല്‍ എസ്.പി ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡി.ജി.പി.
ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. കല്ലറയില്‍നിന്ന് ശേഖരിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ ആവശ്യമെങ്കില്‍ വിദേശത്ത് അയച്ച് പരിശോധിക്കുന്നത് പരിഗണിക്കും. വിദേശ ലാബിലെ പരിശോധന ഇന്ത്യന്‍ കോടതികള്‍ അംഗീകരിക്കുന്ന വിഷയമുണ്ടെന്നും അതിനാല്‍ കോടതിയുടെ അനുമതിയോടെയേ വിദേശത്തുള്ള പരിശോധന നടത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി. ചണ്ഡീഗഡിലുള്ള ലാബിലോ കേരളത്തിലെ ലാബുകളിലോ പരിശോധിക്കുന്നതും ആലോചിക്കും. കൊലപാതക പരമ്പരയില്‍ ആദ്യ സംഭവം 17 വര്‍ഷം മുന്‍പാണ് നടന്നത്. അവസാന കൊലപാതകം മൂന്നുവര്‍ഷം മുന്‍പും. ഈ കേസില്‍ ദൃക്‌സാക്ഷികളെ ലഭിക്കില്ല. സാഹചര്യതെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലേ കേസ് തെളിയിക്കാനാകൂ. കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാങ്കേതിക സഹായം ഉറപ്പാക്കും. നിയമ വിദഗ്ധരുമായും സാങ്കേതിക വിദഗ്ധരുമായും ചര്‍ച്ച നടത്തും. എല്ലാ തെളിവുകളും ശേഖരിച്ച് കോടതിയില്‍ ഹാജരാക്കാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ അറസ്റ്റുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ല.
വടകര റൂറല്‍ എസ്.പി ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ഒരുമണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷമാണ് ഡി.ജി.പി മടങ്ങിയത്. എസ്.പി ഓഫിസിലുള്ള പ്രതി ജോളിയെ ചോദ്യം ചെയ്‌തോ എന്ന ചോദ്യത്തിന് അന്വേഷണ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."