മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വേഷം മാറി ബസില്‍; ഡ്രൈവര്‍മാരുടെ ലൈസന്‍സ് പോയി
കൊല്ലം: വേഷം മാറിയെത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ബസുകളില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ പോയത് നിരവധി സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ്. അമിത വേഗതയ്ക്കും മത്സരയോട്ടത്തിനും പേരുകേട്ട സ്വകാര്യ ബസുകളില്‍ ഫോണ്‍ താഴെവയ്ക്കാതെയുള്ള ഡ്രൈവിങിന്റെ പേരില്‍ നിരവധി പരാതികള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുന്നത്തൂരില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വേഷം മാറി പരിശോധന നടത്തിയത്. ഡ്രൈവിങ്ങിനിടയില്‍ മൊബെല്‍ ഫോണില്‍ സംസാരം വാട്ട്സാപ്പില്‍ സന്ദേശങ്ങള്‍ അയക്കുക തുടങ്ങിയ സാഹസങ്ങള്‍ ഡ്രൈവര്‍മാര്‍ കാണിക്കാന്‍ തുടങ്ങിയതോടെയാണ് യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തിയത്.
ചോദ്യം ചെയ്താല്‍ പരിഹസിക്കുന്നതിനാല്‍ മുന്നില്‍ ഇരിക്കുന്ന സ്ത്രീകള്‍ ഇതിനെതിരേ പ്രതികരിക്കാന്‍ നില്‍ക്കാറില്ല. ഇങ്ങനെ ഫോണുപയോഗം കൂടിയതോടെയാണ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നത്തൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ടീമും വേഷം മാറി പരിശോധനയ്ക്കിറങ്ങിയത്.
ഇതോടെ യാത്രയ്ക്കിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച ബസ് ഡ്രൈവര്‍മാര്‍ വേഷം മാറിയെത്തിയ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. യാത്രക്കാരുടെ നിരന്തര പരാതികളെ തുടര്‍ന്നാണ് അധികൃതര്‍ വേഷം മാറി യാത്രക്കാരായത്. ഭരണിക്കാവില്‍ നിന്നു കൊട്ടാരക്കര, അടൂര്‍, ചാരുംമൂട് റൂട്ടുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഏഴു സ്വകാര്യ ബസ് ഡ്രൈവര്‍മാരാണ് കുടുങ്ങിയത്.
മൊബെല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടുള്ള ഓട്ടത്തിനിടയില്‍ സ്വകാര്യ ബസ് കഴിഞ്ഞ ദിവസം പുത്തൂരില്‍ അപകടത്തില്‍പെട്ടിരുന്നു. ഫിറ്റ്നസ് ഇല്ലാതെ സര്‍വിസ് നടത്തിയ സ്കൂള്‍ ബസും കുന്നത്തൂരില്‍ പിടിയിലായി. ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്യുമെന്നും ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ ബസിന്റെ മാനേജ്മെന്റിനെതിരേ നടപടിയുണ്ടാകുമെന്നും ജോയിന്റ് ആര്.ടി.ഒ എച്ച് അന്‍സാരി അറിയിച്ചു. എം.വി.ഐ എം.ജി മനോജ്, അസി. എം.വി.ഐ രാംജി കെ.കരണ്‍, ധനീഷ് കൃഷ്ണന്, മുഹമ്മദ് സുജീര്‍, പ്രമോജ്, ഹുസൈന് എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."