ചിക്കന്‍ പോക്‌സും പനിയും: എറണാകുളം ആര്‍.ടി ഓഫിസിലെ ജീവനക്കാര്‍ കൂട്ടഅവധിയില്‍
കാക്കനാട്: എറണാകുളം ആര്‍.ടി ഓഫിസിലെ വനിതകള്‍ ഉള്‍പ്പെടെ പത്ത് ജീവനക്കാര്‍ക്ക് ചിക്കന്‍ പോക്‌സും പനിയും പടര്‍ന്നുപിടിച്ച് ജീവനക്കാര്‍ കൂട്ട അവധിയിലായതിനാല്‍ ഓഫിസ് പ്രവര്‍ത്തനം ബെല്ലും ബ്രേക്കുമില്ലാതെയായി.
തിങ്കളാഴ്ച മുതല്‍ അവധിയില്‍ പ്രവേശിച്ച പകുതി ജീവനക്കാര്‍ക്കും ചിക്കന്‍ പോക്‌സാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അസുഖത്തിന്റെ സ്വഭാവം അനുസരിച്ച് ഇവര്‍ക്ക് ഇനി ഓഫിസില്‍ എത്താന്‍ രണ്ടാഴ്ചയെങ്കിലും സമയം വേണം. ബാക്കിയുള്ളവര്‍ക്ക് പനി ബാധിച്ച അവസ്ഥയിലാണ്. ഇതു മൂലം ആര്‍.ടി ഓഫിസിലെ ജോലികള്‍ തടസപെടാനാണ് സാധ്യത. തന്ത്ര പ്രധാനമായ സെക്ഷന്‍ കൈകാര്യം ചെയ്യുന്നവരാണ് അസുഖം ബാധിച്ചവരില്‍ ഭൂരിഭാഗവും. ഫീസ്, ടാക്‌സ് കൗണ്ടറുകളും ലേണേഴ്‌സ് ലൈസന്‍സ് വിഭാഗവും ഭാഗികമായിട്ടാണ് പ്രവര്‍ത്തിച്ചത്. ഓഫിസിനകത്തെ ഫയല്‍ നീക്കവും നിലച്ചു.
അസുഖത്തെ തുടര്‍ന്ന് കൂട്ടത്തോടെ അവധിയെടുത്തപ്പോള്‍ മറ്റുള്ള ജീവനക്കാര്‍ അവരുടെ പണി മാറ്റിവച്ചാണ് കൗണ്ടറുകളില്‍ ഇരിക്കുന്നത്. തിരക്കേറുമ്പോള്‍ ചെറിയ തോതില്‍ വാഗ്വാദവും അരങ്ങേറി. വാഹന നികുതിയും വിവിധ ആവശ്യങ്ങള്‍ക്കു ഫീസും അടയ്ക്കാനെത്തിയ കുറേ പേര്‍ ഉച്ചവരെ കാത്തു നിന്നു മടങ്ങുന്നു. സാധാരണ ഗതിയില്‍ തന്നെ ജീവനക്കാര്‍ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ ആര്‍.ടി ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും പല ജോലികളും സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയുന്നില്ലെന്നും ആര്‍.ടി.ഒ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ പരാതിപ്പെട്ടുവരുന്ന ഒന്നാണ്.
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഓഫിസ് സന്ദര്‍ശനത്തിന് വന്നാല്‍ അവര്‍ ആദ്യമായി പറയുന്ന പരാതിയും ഇതുതന്നെയാണ്.
പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ജീവനക്കാരുടെ എണ്ണം ഇതുവരെ വര്‍ധിപ്പിച്ചിട്ടില്ല.
അതിനിടെയാണ് അസുഖം മൂലം കൂട്ടമായി ജീവനക്കാര്‍ അവധിയെടുത്തിട്ടുള്ളത്. പലവിധ കാര്യങ്ങള്‍ക്കായി ആര്‍.ടി ഓഫിസില്‍ നിത്യേന വന്നു പോകുന്ന പൊതുജനങ്ങള്‍ക്കാണ് ഇതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത്. വിവരം അറിഞ്ഞ് ആരോഗ്യ വിഭാഗം പരിശോധനക്കെത്തി വേണ്ട ജാഗ്രത നിര്‍ദേശങ്ങളും മറ്റും നല്‍കുകയും രോഗം പടരാതിരിക്കാന്‍ മറ്റ് ജീവനക്കാര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."