സോണിയയെ ചത്തു കൊണ്ടിരിക്കുന്ന എലിയെന്ന് അധിക്ഷേപിച്ച് ഹരിയാന മുഖ്യമന്ത്രി; പ്രതിഷേധം ഇരമ്പുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുന്ന രൂപത്തിലുള്ള ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ചത്തുകൊണ്ടിരിക്കുന്ന എലിയെന്നായിരുന്നു ഖട്ടാറിന്റെ പരാമര്‍ശം.
ഞായറാഴ്ചയായിരുന്നു ഖട്ടാറിന്റെ പ്രസ്താവന. 'ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനൊടുവില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നായിരിക്കും ഇനി പാര്‍ട്ടി നേതാവെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഉടന്‍ പാര്‍ട്ടി രാജ്യമെങ്ങും ഒരു പുതിയ അധ്യക്ഷനായുള്ള തെരച്ചില്‍ തുടങ്ങി. മൂന്നു മാസത്തിനൊടുവില്‍ അവര്‍ സോണിയയെ തന്നെ അധ്യക്ഷയാക്കി. മല തുരന്ന് ഒരു ചത്ത എലിയെ കൊണുവന്ന പോലെയായി അത്'- എന്നായിരുന്നു ഖട്ടാര്‍ പറഞ്ഞത്.
പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രസ്താവന നീചവും തരംതാഴ്ന്നതുമാണ്. ബി.ജെ.പിയുടെ സ്ത്രീ വിരുദ്ധ മനോഭാവമാണ് ഇത് കാണിക്കുന്നത്. ഞങ്ങള്‍ പ്രസ്താവനയെ അപലപിക്കുന്നു. ഖട്ടാര്‍ ഉടന്‍ തന്നെ മാപ്പു പറയണം- കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസിന് മുന്പില് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം നടത്തും. ഡല്‍ഹി പ്രദേശ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ശര്മിഷ്ട മുഖര്‍ജിയാണ് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തത്. ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് ചെയ്താണ് പ്രതിഷേധിക്കുക. ഖട്ടാറിന്റെ കോലം കത്തിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."