തീരദേശം പനിച്ചൂടില്‍
തൃക്കരിപ്പൂര്‍: പടന്ന, തൃക്കരിപ്പൂര്‍, വലിയപറമ്പ പ്രദേശങ്ങള്‍ പനിച്ചൂടില്‍ വിറയ്ക്കുന്നു. കൊതുകുകളില്‍ നിന്നാണ് പനി പടര്‍ന്നുപിടിക്കുന്നതെന്ന് അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നുണ്ടെങ്കിലും പല സ്ഥലങ്ങളും കൊതുകു വളര്‍ത്തു കേന്ദ്രങ്ങളാണ്.
ജനുവരിയില്‍ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രദേശമാണ് പടന്ന. ശുചീകരണത്തിന്റെ ഫലമെന്നോണം കൂടുതല്‍ പനിബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ രണ്ടുപേര്‍ക്ക് ഡെങ്കി പിടിപ്പെട്ടതായി സംശയത്തിലാണ്.
ഇവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുമാണ്. ഇവരില്‍ ഒരാള്‍ പാലക്കാട് നിന്നും മറ്റേയാള്‍ ആലക്കോടു നിന്നും പനിയുമായി എത്തിയവരാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അതേ സമയം, പനിയുമായി കൂടുതല്‍ പേരും സ്വകാര്യ ആശുപത്രിയേയാണ് ആശ്രയിക്കുന്നത്.
വലിയപറമ്പ ദ്വീപ് പഞ്ചായത്തില്‍ ഒരാഴ്ചയ്ക്കകം 64 പേരാണു പനിയുമായി പഞ്ചായത്തിലെ രണ്ടു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തിയത്. മാവിലാക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 30 പേരും പടന്നക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 34 പേരുമാണു പനിയുമായി എത്തിയത്. സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയവരുടെ കണക്കു ലഭ്യമല്ല. ശുചീകരണ പ്രവര്‍ത്തനം സമയബന്ധിതമായി നടപ്പാക്കിയതാണ് പനിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു
ഉച്ചവരെ പ്രവര്‍ത്തിക്കുന്ന തങ്കയം താലൂക്ക് ആശുപത്രിയിലും ടൗണിലെ വിവിധ സ്വകാര്യ ആശുപത്രികളിലും പനി ബാധിതരുതെ നീണ്ട നിരയാണു കാണാന്‍ കഴിയുന്നത്. പനിക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നുണ്ടെങ്കിലും ശുചീകരണ പ്രവര്‍ത്തനം നടക്കുന്നുമില്ല.
ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ മാലിന്യം അഴുകി കൊതുകു പെറ്റുപെരുകാന്‍ തുടങ്ങിയിട്ടു നാളേറെയായി. ഓവു ചാലുകള്‍ എല്ലാ വര്‍ഷവും വൃത്തിയാക്കാറുണ്ടെങ്കിലും ഇക്കുറി അതുണ്ടായില്ല. പല ഹോട്ടല്‍ മാലിന്യങ്ങളും രഹസ്യമായി ഓവുചാലിലേക്ക് ഒഴുക്കുന്നുണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ കൊതുകു കടി കൊണ്ടേ പറ്റൂവെന്നാണ് അവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."