ബിന്ദുവധക്കേസ്: പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പച്ചാളം ബിന്ദുവധക്കേസിലെ പ്രതി വയനാട് മീനങ്ങാടി സ്വദേശി റഷീദിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രതി ജീവപര്യന്തം കഠിന തടവ് അനുഭവിച്ചാല്‍ മതിയെന്നു കോടതി ഉത്തരവിട്ടു. 40 വര്‍ഷം തടവുശിക്ഷ അനുഭവിച്ചശേഷം പ്രതിയെ മോചിപ്പിച്ചാല്‍ മതിയെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ബിന്ദുവിന്റെ വീടിന്റെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ റഷീദ് ഇവരെ മുറിയില്‍ പൂട്ടിയിട്ടശേഷം വെട്ടിക്കൊന്നുവെന്നത് പ്രോസിക്യൂഷന്‍ സംശയത്തിനിട നല്‍കാതെ തെളിയിച്ചിട്ടുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
മാത്രമല്ല, കേസിന്റെ വിചാരണവേളയില്‍ സംഭവങ്ങളും തെളിവുകളും കണ്ണി മുറിഞ്ഞു പോകാതെ വിശദീകരിക്കാനും കഴിഞ്ഞു. എന്നാല്‍ പ്രതി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്താനായില്ല. കൊല നടത്താനുപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തു തന്നെ ഉപേക്ഷിച്ച ശേഷമാണ് റഷീദ് പുറത്തു പോയതെന്നും കോടതി വിലയിരുത്തി.
വിദേശത്തു ജോലിക്കു പോകാന്‍ 50,000 രൂപയ്ക്കു വേണ്ടി എറണാകുളം പച്ചാളം സ്വദേശിനിയായ ബിന്ദുവിനെ (37) റഷീദ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2010 നവംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. കൊലയ്ക്കു ശേഷം ബിന്ദുവിന്റെ ആഭരണങ്ങളും പ്രതി കവര്‍ന്നിരുന്നു. സംഭവത്തെതുടര്‍ന്ന് അറസ്റ്റിലായ റഷീദിനെ 2011 ഡിസംബര്‍ 20നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്കു വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ റഷീദ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."