വിലക്കെന്ന് 'പ്രതിനിധി'; പ്രതിനിധിയല്ലെന്ന് ഡി.വൈ.എഫ്.ഐ
ടി.കെ ജോഷി#
കോഴിക്കോട്: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരേ പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന് അനുകൂലമായി മൊഴി കൊടുത്തുവെന്ന് കരുതുന്ന പ്രതിനിധിയെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന് പരാതി. പാലക്കാട് ജില്ലാ കമ്മിറ്റി മുന്‍ അംഗമായ പി. രാജേഷിനാണ് വിലക്കിനെ തുടര്‍ന്ന് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാനാകാതെ മടങ്ങേണ്ടി വന്നത്. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന സമ്മേളന പ്രതിനിധിയായി രാജേഷിനെ തെരഞ്ഞെടുത്തിരുന്നില്ല. എന്നാല്‍ പിന്നീട് ചേര്‍ന്ന ഫ്രാക്ഷന്‍ രാജേഷിനെ സമ്മേളന പ്രതിനിധിയാക്കിയിരുന്നു. പാലക്കാട് നിന്നുള്ള 16 ാമത്തെ ആള്‍ ആയിട്ടായിരുന്നു രാജേഷിന്റെ പേര്‍ ഉണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റിയുടെ കൈവശമുള്ള പ്രതിനിധി ലിസ്റ്റില്‍ രാജേഷിന്റെ പേര്‍ ഇല്ലെന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് നേതൃത്വം സമ്മേളനത്തില്‍നിന്ന് വിട്ടു നില്‍ക്കാന്‍ രാജേഷിനോട് ആവശ്യപ്പെടുകയായിരുന്നു.
സംഭവം വിവാദമായതോടെ ഡി.വൈ.എഫ്.ഐ സമ്മേളന പ്രതിനിധികളെ തീരുമാനിക്കുന്നതു സംഘടന തന്നെയാണെന്നും പാലക്കാട്ട് നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നും സെക്രട്ടറി എം. സ്വരാജ് പറഞ്ഞു. തെരഞ്ഞെടുക്കാത്തവരെ പങ്കെടുപ്പിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി സൗഹൃദ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും അദ്ദേഹവും പങ്കെടുത്തില്ല.
നേതൃത്വത്തിനും സംഘടനക്കും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി സംസ്ഥാന സെക്രട്ടറി എം. സ്വരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അവതരിപ്പിച്ച റിപ്പോര്‍ട്ട്. ചില നേതാക്കളുടെ പ്രവര്‍ത്തന ശൈലിയെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. താന്‍പ്രമാണിത്തവും ധിക്കാരവും നേതാക്കള്‍ക്ക് നല്ലതല്ലെന്നും വിനയവും സൗമ്യതയുമാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീറിനെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു സംഘടനാ റിപ്പോര്‍ട്ട്.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെ പ്രശംസിച്ചുകൊണ്ടാണ് സംസ്ഥാന സെക്രട്ടറി സ്വരാജ് അവതരിപ്പിച്ച റിപ്പോര്‍ട്ട്. മൂന്നു ജില്ലാ കമ്മിറ്റികള്‍ക്ക് മാത്രമാണ് വിമര്‍ശനമുള്ളത്. പ്രളയ ദുരന്തമുണ്ടായപ്പോള്‍ ഈ ജില്ലാ കമ്മിറ്റികള്‍ വേണ്ടത്ര സജീവമായി പ്രവര്‍ത്തിച്ചില്ലെന്നും ഇത് മറ്റു ചില സംഘടനകള്‍ മുതലെടുത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആദ്യമായി അംഗസഖ്യ 50 ലക്ഷം കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡി.വൈ.എഫ്.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."