സി.ടി സ്‌കാനര്‍ തകരാറില്‍: ചികിത്സ ലഭിക്കാതെ മത്സ്യത്തൊഴിലാളി മരിച്ചു
അമ്പലപ്പുഴ: സി.ടി സ്‌കാനര്‍ തകരാറിലായതിനാല്‍ ചികിത്സ ലഭിക്കാതെ മത്സ്യത്തൊഴിലാളി മരിച്ചു. മൃതദേഹവുമായി സ്‌കാനിങ് സെന്ററിനു മുന്നില്‍ പ്രതിഷേധം. ഇന്നലെ വൈകിട്ട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം നടന്നത്. പുറക്കാട് ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് പാണ്ഡ്യം പറമ്പില്‍ കൊച്ചുവാവ (75) യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജാശുപത്രി മെഡിസിന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു.
ഉടന്‍ തന്നെ സി.ടി സ്‌കാനെടുക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. സി.ടി സ്‌കാനിങ് സെന്ററില്‍ എത്തിച്ചെങ്കിലും വളരെ സമയം കഴിഞ്ഞാണ് സ്‌കാനിങ് തകരാറിലാണെന്ന വിവരം ജീവനക്കാര്‍ പറഞ്ഞത്. ഇതിനു ശേഷം രോഗിയുമായി ബന്ധുക്കള്‍ സ്‌കാന്‍ ചെയ്യുന്നതിനായി ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തി. എന്നാല്‍ അത്യാസന്ന നിലയിലായ രോഗിയെ സ്‌കാനിങ് നടത്താന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ രോഗിയെ വീണ്ടും വണ്ടാനത്തെത്തിച്ചു.
എന്നാല്‍ സ്‌കാനിങ് നടത്തി പരിശോധനാ ഫലം ലഭിക്കാതെ ചികിത്സ നടത്താന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതിനിടയില്‍ ചികിത്സയൊന്നും ലഭിക്കാതെ രോഗി മരിച്ചു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കൂടിയായ കൊച്ചുവാവയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹവുമായി സി.ടി സ്‌കാന്‍ സെന്ററിനു മുന്നില്‍ പ്രതിഷേധിച്ചു. പിന്നീട് സൂപ്രണ്ട് ഡോ. ആര്‍.വി രാംലാല്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ഇത് സംബന്ധിച്ച് അന്വേഷണം നടത്താമെന്ന സൂപ്രണ്ടിന്റെ ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിച്ചു.
പിക്ച്ചര്‍ ട്യൂബ് തകരാറിലായതോടെയാണ് നാല് ദിവസം മുന്‍പ് സ്‌കാനിങ് നിലച്ചത്. അമ്പലപ്പുഴ എസ്.ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സംഭവസ്ഥലത്ത് എത്തിയതിനാല്‍ സംഘര്‍ഷാവസ്ഥ ഒഴിവായി.
രോഗികള്‍ നെട്ടോട്ടത്തില്‍
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സി.ടി സ്‌കാനര്‍ പണിമുടക്കിയിട്ട് നാളുകള്‍. പരിഹരിക്കാന്‍ നടപടി ആകാത്തതിനാല്‍ അപകടത്തില്‍പെട്ട് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സ വൈകുന്നതിനെ തുടര്‍ന്ന് രോഗികള്‍ ആശങ്കയിലാണ് . പുറത്തെ സ്വകാര്യ ലാബുകളില്‍ എത്തിച്ച് വേണം സ്‌കാന്‍ ചെയ്യാന്‍. എന്നാല്‍ അത്യാസന്ന നിലയിലെത്തുന്ന രോഗികളെ പുറം ലാബുകളില്‍ എത്തിക്കുകയെന്നത് ദുര്‍ഘടമാണ്. സ്‌കാനിങിന് പുറത്ത് പോകാന്‍ ആംബുലന്‍സ് വിധേയമാക്കാന്‍ ആശുപത്രിയിലെ ആംബുലന്‍സ് ഉണ്ടെങ്കിലും പലപ്പോഴും ഡ്രൈവര്‍മാര്‍ ഇല്ലാത്തത് ദുരിതമാണ്. ആശുപത്രിയില്‍ 1200 രൂപ ഈടാക്കുന്ന സ്‌കാനിങിന് പുറത്ത് 1500 രൂപ മുതല്‍ 1800 രൂപ വരെയാണ് വാങ്ങുന്നത് . ഇത് നിര്‍ധനകുടുബഗങ്ങള്‍ക്കു താങ്ങാവുന്നതിനുമപ്പുറമാണ്. അമിത ഉപയോഗത്തെ തുടര്‍ന്ന് സ്‌കാനറിന്റെ ട്യൂബ് തകരാറിലാകുന്നത് പതിവാണ്. ആര്‍ദ്രം പദ്ധതിയില്‍ പെടുത്തി ആശുപത്രി വികസനത്തിനായി കേന്ദ്രം ഒരു കോടി രൂപ അനുവദിച്ചെങ്കിലും അത്യാവശ്യമായ സ്‌കാനാര്‍ സംവിധാനം ഒരുക്കാതെ ആശുപത്രി മോഡി പിടിപ്പിക്കാനാണ് ആശുപത്രി അധികാരികള്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."