പെരുന്നാള്‍ വിപണി ഉണര്‍ന്നു
കൊച്ചി: ചെറിയ പെരുന്നാളിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിപണി സജീവമായി. വസ്ത്രവിപണിയിലാണ് കാര്യമായ തിരക്ക് അനുഭവപ്പെടുന്നത്. മഴ മാറിനില്‍ക്കുന്നതും വിപണിക്ക് ആശ്വാസം പകരുന്നുണ്ട്. റമദാന്റെ ആദ്യ പത്തില്‍ തന്നെ ഒരുവിഭാഗം പുതുവസ്ത്രങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കിലും വമ്പന്‍കമ്പനികള്‍ പോലും വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വിപണിയില്‍ തിരക്ക് അനുഭവപ്പെടാന്‍ കാരണം.
ഇത്തവണ തുണിത്തരങ്ങള്‍ക്ക് പുറമെ ചെരുപ്പുകള്‍ക്കും ബാഗുകള്‍ക്കുമൊക്കെ വിലക്കിഴിവ് വിവിധ സ്ഥാപനങ്ങള്‍ നല്‍കി.സാധാരണ ചെറുകിട കച്ചവടക്കാരും തെരുവുകച്ചവടക്കാരുമാണ് പെരുന്നാളിന് കുറഞ്ഞവിലയ്ക്ക് വസ്ത്രങ്ങളും മറ്റും വിറ്റിരുന്നത്. എന്നാല്‍ ഇത്തവണ വമ്പന്‍ ബ്രാന്‍ഡുകള്‍ അറുപത് ശതമാനത്തോളം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് ചെറുകിട കച്ചവടക്കാര്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കുമൊക്കെ വില വീണ്ടും കുറയ്‌ക്കേണ്ടി വന്നു. എറണാകുളത്തെ വന്‍കിട മാളുകളിലൊക്കെ മറ്റ് ജില്ലകളില്‍ നിന്നുപോലും സാധനങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഒഴുകിയെത്തുന്നുണ്ട്. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ക്ക് പോലും 10മുതല്‍ 60 ശതമാനം വരെ ഡിസ്‌ക്കൗണ്ട് നല്‍കിയാണ് വിറ്റഴിക്കുന്നത്. വ്രതാനുഷ്ഠാനത്തിന്റെ അവസാനദിനങ്ങളിലാണ് പലരും വിലക്കിഴിവ് പ്രഖ്യാപിച്ചത്. ലീ, ലിവൈസ്, ലീ കൂപ്പര്‍ തുടങ്ങിയ മുന്തിയ തരം ബ്രാന്‍ഡുകളെല്ലാം മികച്ച ഓഫറുകളാണ് നല്‍കുന്നത്.
നോമ്പുകാരനെ തങ്ങളുടെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കാന്‍ നോമ്പുതുറയും നമസ്‌ക്കാരമുറിയുമൊക്കെ ഇത്തരക്കാര്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് ഷര്‍ട്ട് വാങ്ങിയാല്‍ ഒരു ഷര്‍ട്ട് സൗജന്യം, രണ്ടെണ്ണം വാങ്ങിയാല്‍ 40% വിലക്കിഴിവ്, ഒരെണ്ണം വാങ്ങിയാല്‍30% വിലക്കിഴിവ്, അയ്യായിരം രൂപയ്ക്ക് പര്‍ച്ചേസ് ചെയ്താല്‍ മൂവായിരം രൂപ വിലയുള്ള ലെതര്‍ ബാഗ് സൗജന്യം തുടങ്ങിയ നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികളുടെ വസ്ത്രങ്ങള്‍ക്ക് 15മുതല്‍ 60 ശതമാനം വരെ ഡിസ്‌ക്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ക്ക് ഇത്തവണയും വില അല്‍പം കൂടുതലാണ്. കഴിഞ്ഞ ചെറിയ പെരുന്നാളിന് വിപണിയിലെത്തിയ പലാസോ തന്നെയാണ് ഇത്തവണയും താരം. 500 രൂപമുതല്‍ വിലയുള്ള പലാസോ സ്വന്തമാക്കാന്‍ നിരവധി പേരാണ് വിപണിയിലെത്തുന്നത്. ഗൗണിനൊപ്പം ഓവര്‍കോട്ടുള്ള ഡ്രസാണ് ഇത്തവണത്തെ മറ്റൊരു ആകര്‍ഷണം.
ആണ്‍കുട്ടികളുടെ വസ്ത്രവിപണിയിലും പുതുമകള്‍ ഏറെയാണ്. ഊദ്, അത്തര്‍, മൈലാഞ്ചി വിപണികളിലും പുതുമ ദൃശ്യമായി. സുഗന്ധം പൂശി ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനും മൈലാഞ്ചി ചുവപ്പണിയിക്കാനുമൊക്കെ വിപണി മത്സരിക്കുകയാണ്. മാളുകളില്‍ ദീര്‍ഘനേരം ക്യൂ നിന്നാണ് സാധനം വാങ്ങാനെത്തിയവര്‍ ബില്‍ അടച്ച് മടങ്ങുന്നത്. പലചരക്ക് വിപണിയില്‍ ബിരിയാണി അരി ഉള്‍പ്പെടെയുള്ള പെരുന്നാള്‍ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണെങ്കിലും കിലോയ്ക്ക് നൂറുരൂപയ്ക്ക് മുകളിലുള്ള ബിരിയാണിയരിയാണ് കൂടുതലായും വിറ്റഴിയുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."