ശീതകാല പച്ചക്കറി കൃഷിക്ക് അഞ്ച് കോടിയുടെ സംരക്ഷണ പദ്ധതി
തൊടുപുഴ: വട്ടവടയില്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ആര്‍.കെ.വി.വൈ പദ്ധതി ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന ശീതകാല പച്ചക്കറി കൃഷിക്കുള്ള അഞ്ച് കോടി രൂപയുടെ മണ്ണുസംരക്ഷണ ജലസേചന പദ്ധതികളുടെയും കേരള ഗ്രാമീണ്‍ ബാങ്ക് മുഖാന്തിരം ശീതകാല പച്ചക്കറി കര്‍ഷകര്‍ക്കുള്ള വായ്പാ വിതരണത്തിന്റെയും ഉത്ഘാടനം വെള്ളിയാഴ്ച 11.30ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ കോവിലൂരില്‍ നിര്‍വഹിക്കും.
കേരള ഗ്രാമീണ്‍ ബാങ്കു മുഖാന്തിരം ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്യുന്ന ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്കുള്ള വായ്പയും മന്ത്രി വിതരണം ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി ജി ഉഷാകുമാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2000 ഹെക്ടറില്‍ ശീതകാല പച്ചക്കറി കൃഷി ചെയ്യുന്ന വട്ടവടയിലെ 4527 കര്‍ഷകര്‍ക്ക് ഹെക്ടറിന് 15,000 രൂപ നിരക്കില്‍ സബ്‌സിഡിയായി മൂന്നു കോടി രൂപ ജോയിസ് ജോര്‍ജ് എം.പി വിതരണം ചെയ്യും.
വട്ടവട പഞ്ചായത്തിലെ കൃഷി ഭവനില്‍ രജിസ്റ്റര്‍ ചെയ്ത ആധാര്‍ ലിങ്ക് ചെയ്ത 633 കര്‍ഷകര്‍ക്ക് ഹരിത കാര്‍ഡുകള്‍ കേരള ഗ്രാമീണ്‍ ബാങ്ക് വട്ടവട ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യും. ഹരിത കാര്‍ഡ് കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ രേഖയായും എ റ്റി എം കാര്‍ഡായും ഉപയോഗിക്കാം. കേരള ഗ്രാമീണ്‍ ബാങ്ക് വട്ടവടയിലെ കര്‍ഷകര്‍ക്ക് ബാങ്കിന്റെ നിബന്ധനകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കും.
മൂന്നാറിലെ പത്യേക കാര്‍ഷിക മേഖലയിലെ വട്ടവട, കാന്തല്ലൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറികളും ഹോര്‍ട്ടികോര്‍പ്പു മുഖേന സംഭരിക്കും. ഇതിനായി കൃഷി വകുപ്പ് മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് കൃഷി വകുപ്പു ഡയറക്ടര്‍, ഹോര്‍ട്ടികോര്‍പ്പ് എം.ഡി ഉള്‍പ്പെടെ പങ്കെടുത്ത് കോവിലൂരില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്തെ നാല് റീജണല്‍ മാനേജര്‍മാര്‍ സംഭരിക്കുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ ഔട്ട്‌ലെറ്റുകള്‍, സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ഇ.ഇ.സി മാര്‍ക്കറ്റുകള്‍ മൊത്ത വ്യാപാരികള്‍, മറ്റു വ്യാപാരികള്‍ എന്നിവര്‍ വഴി വിറ്റഴിക്കും.
ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റ് വഴിയല്ലാതെ വിറ്റഴിക്കുന്ന പച്ചക്കറികളുടെ വില ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, അതാത് ഹോര്‍ട്ടികോര്‍പ്പ് റീജണല്‍ മാനേജര്‍മാരെ ഏല്‍പിക്കും. സംഭരിച്ച ഉത്പന്നങ്ങളുടെ വില ഗ്രാമീണ്‍ ബാങ്കിലെ കര്‍ഷകരുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് നല്‍കും.
പച്ചക്കറികള്‍ മൂന്നാര്‍ സ്‌പെഷ്യല്‍ സോണില്‍ നിന്നും സംഭരിച്ച് വിതരണം ചെയ്യുന്നതിന് ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജരെയും മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് ഡയറക്ടറെയും ചുമതലപ്പെടുത്തി.
ജൂലൈ ഒന്ന് സംസ്ഥാനമൊട്ടാകെ വിള ഇന്‍ഷ്വറന്‍സ് ദിനമായി ആചരിക്കും. മുഴുവന്‍ കര്‍ഷകരും കൃഷി ഭവനുമായി ബന്ധപ്പെട്ട് നിശ്ചിത നിരക്കിലുള്ള പ്രീമിയം അടച്ച് വിളള്‍ക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിരക്ഷ ഉറപ്പു വരുത്തണം. ശീതകാല പച്ചക്കറിയുടെ വിള ഇന്‍ഷ്വറന്‍സ് പ്രീമിയം സെന്റിന് ഒരു രൂപ ആണ്. നഷ്ടപരിഹാരം പന്തലില്ലാത്തവയ്ക്ക് ഹെക്ടറിന് 25,000 രൂപയും പന്തലുള്ളവയ്ക്ക് ഹെക്ടറിന് 40,000 രൂപയും ലഭിക്കും.
ഉദ്ഘാടനം പരിപാടിയില്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കാര്‍ഷികോത്പാദന കമ്മിഷണര്‍ ടിക്കാറാം മീണ, മണ്ണുസംരക്ഷണ വകുപ്പ ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍, കേരള ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ എസ് രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ മേഴ്‌സി ജോസഫ്, ബോസ് ജോസഫ്, ലാല്‍ ടി ജോര്‍ജ്, അസി. ഡയറക്ടര്‍ ബിജു പി മാത്യു, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അരുണ്‍രാജ്, അസി.ഡയറക്ടര്‍ പി കെ മുരളീധരന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."