ഗോളിയോറന്‍സ് പൂട്ടിയിട്ട് രണ്ടു പതിറ്റാണ്ടാകുന്നു; ചാലിയാറിന്റെ തീരങ്ങളില്‍ ഇപ്പോഴും രക്തജന്യ രോഗികള്‍ പിറക്കുന്നു
ഹംസ ആലുങ്ങല്‍
കോഴിക്കോട്: മാവൂരിലെ ഗ്രാസിം ഫാക്ടറിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴും ചാലിയാറിന്റെ തീരപ്രദേശങ്ങളിലെ കുട്ടികളില്‍ രക്തജന്യ രോഗങ്ങള്‍ അവസാനിക്കുന്നില്ല. ഫാക്ടറി പുറംതള്ളിയ രാസപദാര്‍ഥങ്ങളുടെയും അതുമൂലം മാരകരോഗികളായി തീര്‍ന്നവരുടെയും നിലവിളികള്‍ ഏറെക്കാലം നീണ്ടുനിന്നിരുന്നു.
ഈ വ്യവസായ കേന്ദ്രത്തിന്റെ കുഴലുകളിലൂടെ അശാസ്ത്രീയമായി പുറംതള്ളിയ വിഷപ്പുക പരിസര പ്രദേശങ്ങളില്‍ കാന്‍സര്‍ രോഗികളെയും ജനിതക വൈകല്യങ്ങളുള്ളവരെയുമാണു ബാക്കിവച്ചത്. 213 പേര്‍ കാന്‍സര്‍ ബാധിച്ചു മരിച്ചെന്നാണു കണക്ക്. എന്നാല്‍ കുട്ടികളുടെ മരണസംഖ്യ അതിലിടം പിടിച്ചിട്ടില്ല. ചാലിയാറിന്റെ തീരപ്രദേശങ്ങളില്‍ ഫാക്ടറി പൂട്ടുന്നതിനു മുന്‍പും ശേഷവും ഒരുപാട് കുഞ്ഞുങ്ങള്‍ രക്തജന്യ രോഗങ്ങളുമായി ജനിച്ചിരുന്നു. അതിന്റെ തോത് ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നാണു പുതിയ വെളിപ്പെടുത്തലുകള്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന കുട്ടികളില്‍ പത്തു ശതമാനവും രക്താര്‍ബുദം ബാധിച്ച കുട്ടികളാണ്. ഇവരില്‍ ഏറെയും മാവൂര്‍, എടവണ്ണപ്പാറ, വാഴക്കാട് തുടങ്ങി ചാലിയാറിന്റെ പരിസര പ്രദേശത്തുനിന്നുള്ളവരാണെന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലെ റിട്ട. പീഡിയാട്രിക്‌സ് ഡോ. ഒ.സി ഇന്ദിര സുപ്രഭാതത്തോട് പറഞ്ഞു. എന്തുകൊണ്ടാണെന്നതിന്റെ കാരണം അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ചു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളില്‍ രക്താര്‍ബുദ രോഗ സാധ്യത വര്‍ധിപ്പിക്കുന്നത് കുടിവെള്ളത്തില്‍ കലരുന്ന കീടനാശിനികളും വായുവിലെ വിഷജന്യ വസ്തുക്കളുമാണെന്ന 2004ലെ ഗവേഷകരുടെ കണ്ടെത്തല്‍ വാഴക്കാട്ടെയും പരിസരവാസികളുടെയും നിഗമനത്തെ ശരിവയ്ക്കുന്നതായിരുന്നു. ജനിക്കുന്നതിനു മുന്‍പ് അമ്മയുടെ പൊക്കിള്‍ക്കൊടിയിലൂടെയും പിന്നീട് മുലപ്പാലിലൂടെയുമാണ് വായുവിലുള്ള വിഷപദാര്‍ഥങ്ങള്‍ കുഞ്ഞുങ്ങളിലെത്തുന്നത്. ഇതു കുഞ്ഞുങ്ങളുടെ ആരോഗ്യം തകര്‍ക്കുന്നു. രക്തകോശങ്ങളുടെ ക്രമാതീതമായ വളര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നു. ബ്രൂണത്തിന്റെ വളര്‍ച്ചാ ഘട്ടത്തിലുള്ള വൈകല്യങ്ങളാണു ബാല്യകാലത്ത് പ്രത്യക്ഷപ്പെടുന്ന പല രോഗങ്ങള്‍ക്കും കാരണമെങ്കില്‍ ചില രാസ പദാര്‍ഥങ്ങളാണ് രക്തജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്നും ഈ പഠനം പറയുന്നു. 1985 മുതല്‍ തന്നെ മാവൂരിലും പരിസരങ്ങളിലും രക്താര്‍ബുദവും മറ്റു രക്തജന്യ രോഗങ്ങളും വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. വാഴക്കാട്, അരീക്കോട്, പൂവത്തിക്കല്‍, ഉഗ്രപുരം, വാലില്ലാപ്പുഴ, ഊര്‍ങ്ങാട്ടിരി, പുതുപറമ്പ്, മൈത്ര, എടവണ്ണ, മുണ്ടുമുഴി, മുണ്ടേങ്ങര, കിഴുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു നിരവധി കുഞ്ഞുങ്ങള്‍ മാരകരോഗങ്ങളുമായി ജനിച്ചത്. വടക്കുപടിഞ്ഞാറുനിന്ന് വീശിയ കാറ്റിലായിരുന്നു വായുമാലിന്യങ്ങള്‍ കിഴക്കോട്ടുള്ള പ്രദേശങ്ങളില്‍ അന്ന് ദുരന്തങ്ങള്‍ വിതച്ചത്. ഫാക്ടറി അടക്കുന്നതിനു അഞ്ചുവര്‍ഷം മുന്‍പും ശേഷവും ജനിച്ച നിരവധി കുഞ്ഞുങ്ങളായിരുന്നു അന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയിരുന്നത്.
80ഓളം കുട്ടികളില്‍ മിക്കവരും മരിച്ചു. പിന്നീട് വന്നവര്‍ക്കൊന്നും കണക്കുകളില്ല. കാറ്റിന്റെ ഗതിയനുസരിച്ച് അന്നു ഫാക്ടറിയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളെ മലിനീകരണം ഭീകരമാംവിധം ബാധിച്ചുവെന്നത് വ്യക്തമായിരുന്നു. അന്ന് ഈ പ്രശ്‌നം ഉന്നയിച്ച് പ്രദേശത്ത് ആരോഗ്യ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മനുഷ്യാവകാശ കമ്മിഷനെ സമീപ്പിച്ചിരുന്നു.
മാവൂരിലും പരിസരങ്ങളിലും ഇതുസംബന്ധിച്ച് പഠനം നടത്തണമെന്ന് ആരോഗ്യവകുപ്പും ആവശ്യപ്പെട്ടെങ്കിലും അതു നടപ്പാക്കുകയുണ്ടായില്ലെന്ന് അന്നു സമരരംഗത്തുണ്ടായിരുന്നവര്‍ പറയുന്നു. ഇന്നും ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളില്‍ മാരകരോഗങ്ങള്‍ കാണുമ്പോള്‍ കാരണമറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ദുരിതം പേറുകയാണ് കുഞ്ഞുങ്ങളുടെ ബന്ധുക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."