പ്രണയം തുടങ്ങിയത് ഫെയ്‌സ്ബുക്ക് വഴി, വിവാഹത്തിനായി അര്‍ണബ് ലിംഗമാറ്റ ശസ്ത്രക്രിയയും നടത്തി, എന്നാല്‍ ട്രാന്‍സ്‌ജെന്ററും യുവതിയും തമ്മിലുള്ള വിവാഹം എതിര്‍ത്ത് ബന്ധുക്കള്‍, യുവതിയെ ഷോട്‌സ്‌റ്റേ ഹോമിലേക്ക് മാറ്റി പൊലീസും
താമരശേരി: ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച ട്രാന്‍സ്‌ജെന്ററേയും യുവതിയെയും യുവതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഒരു പകല്‍ മുഴുവന്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നെങ്കിലും പോലീസ് കേസെടുക്കാനോ ഒരുമിച്ച് ജീവിക്കാനുള്ള അവസരം ഒരുക്കാനോ തയ്യാറായില്ലെന്നും പരാതിയുണ്ട്. പുലിവാലു പിടിച്ച പോലീസ് യുവതിയെ വേങ്ങേരി ഷോട്‌സ്‌റ്റേ ഹോമിലേക്ക് മാറ്റി.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും ട്രാന്‍സ് ജെന്റുമായ അര്‍ണബും കട്ടിപ്പാറ ചമല്‍ സ്വദേശിനിയായ ആദിത്യയുമാണ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ഇതു പ്രകാരം അര്‍ണബ് ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എല്‍ എല്‍ ബി വിദ്യാര്‍ത്ഥിയായ ആദിത്യയും രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ അര്‍ണബും ഒരുമിച്ച് ജീവിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ആദിത്യയുടെ ബന്ധുക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തി.
വിവാഹം നടത്തിക്കൊടുക്കാമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് ഇരുവരും ആദിത്യയുടെ വീട്ടിലെത്തിയെങ്കിലും പിന്നീട് ബന്ധുക്കള്‍ എതിര്‍ത്തു. ബുധനാഴ്ച രാത്രി വീട് വിട്ടിറങ്ങാന്‍ നോക്കിയതോടെ ആദിത്യയുടെ ബന്ധുക്കള്‍ ഇരുവരെയും മര്‍ദ്ദിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ താമരശ്ശേരി പോലീസില്‍ അറിയിച്ചു.
ഇതോടെ പോലീസ് സ്ഥലത്തെത്തുകയും രണ്ട് മുറികളിലായി രാത്രി കഴിച്ചു കൂട്ടാന്‍ നിര്‍ദ്ദേശിക്കുയും ചെയ്തു. വ്യാഴാഴ്ച രാവിലെ ഇവര്‍ പരാതിയുമായി താമരശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും വൈകിട്ട് ആറുമണിവരെ സ്‌റ്റേഷനില്‍ നിര്‍ത്തിച്ച പോലീസ് അക്രമികള്‍ക്കെതിരെ കേസെടുത്തില്ലെന്നും കോടതിയില്‍ ഹാജറാക്കാന്‍ തയ്യാറായില്ലെന്നും അര്‍ണബ് പറഞ്ഞു.
ഒരുവിഭാഗം പോലീസ് സ്‌റ്റേഷന് മുമ്പില്‍ സംഘടിച്ചതോടെ വൈകിട്ട് ആറ്മണിയോടെ യുവതിയെ പോലീസ് വേങ്ങേരി ഷോട്‌സ്‌റ്റേ ഹോമിലേക്ക് മാറ്റി. പ്രായപൂര്‍ത്തിയായ തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെ നിയമപരമായി നേരിടാനാണ് ഇവരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."