വെറ്ററിനറി മരുന്നുകളുടെ വില്‍പ്പന കുത്തനെ കുറഞ്ഞു
തിരൂര്‍: മൃഗപരിപാലന- കച്ചവട മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കൊണ്ടുവന്ന ഉത്തരവിനെ തുടര്‍ന്ന് വെറ്ററിനറി മരുന്ന് വില്‍പ്പന കുത്തനെ കുറഞ്ഞു.
മൃഗപരിപാലന- കച്ചവട മേഖലയില്‍ നിന്ന് ജനങ്ങള്‍ പിന്മാറുന്നതാണ് വെറ്ററിനറി മരുന്ന് വില്‍പ്പനയെയും സാരമായി ബാധിച്ചിരിക്കുന്നത്. കന്നുകാലികളെയും മറ്റ് വളര്‍ത്തു മൃഗങ്ങളെയും വാങ്ങി വളര്‍ത്തുന്നതിനും വില്‍പ്പന നടത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കര്‍ശന നിബന്ധനകള്‍ സംബന്ധിച്ച ആശങ്കയാണ് ഈ മേഖലയില്‍ നിന്ന് ജനങ്ങളുടെ പിന്മാറ്റത്തിന് കാരണം.
കന്നുകാലി ചന്തകളില്‍ വില്‍പ്പന കുറഞ്ഞതും വെറ്ററിനറി മരുന്നുകളുടെ വിപണനത്തിന് തിരിച്ചടിയായിട്ടുണ്ട്. ആഴ്ചയില്‍ പ്രത്യേക ദിവസങ്ങളില്‍ വെറ്ററിനറി മരുന്നുകള്‍ക്ക് നല്ല വില്‍പന ഉണ്ടാകാറുണ്ടെന്നും കാലി ചന്തകളിലുണ്ടായ മാന്ദ്യത്തെ തുടര്‍ന്ന് മരുന്ന് വില്‍പ്പന 80 ശതമാനത്തിലധികം കുറഞ്ഞതായും തിരൂര്‍ തെക്കുംമുറിയിലെ മെഡിക്കല്‍ ഷോപ്പ് ഉടമയായ ശശികുമാര്‍ പറഞ്ഞു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നാലേ പ്രശ്‌ന പരിഹാരമുണ്ടാകൂ എന്ന സ്ഥിതിയാണ്. അലങ്കാര മത്സ്യങ്ങളുടെ വില്‍പ്പനയ്ക്കും പ്രദര്‍ശനത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയത് മത്സ്യ കര്‍ഷകരെയും അക്വാറിയം സ്ഥാപന ഉടമകളെയും പ്രതികൂലമായി ബാധിച്ചതിന് സമാനമാണ് വെറ്ററിനറി മരുന്ന് വിപണന മേഖലയിലും പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."