മൂന്നാറില്‍ വീണ്ടും സി.പി.ഐയുടെ ഉടക്ക് ജൂലൈ ഒന്നിന് ഉന്നതതല യോഗം വേണ്ട
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ പ്രശ്‌നത്തില്‍ സി.പി.എമ്മും സി.പി.ഐയും വീണ്ടും നേര്‍ക്കുനേര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. യോഗം വിളിക്കുന്നതില്‍ നിയമപരമായ തടസങ്ങളുണ്ടെന്നും കൈയേറ്റക്കാരന്റെ പരാതിയില്‍ യോഗം വിളിക്കുന്നത് ശരിയല്ലെന്നുമാണ് റവന്യൂമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചത്.
മൂന്നാറിലെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇവരുടെ അഭിപ്രായമനുസരിച്ച് ഉന്നതതല യോഗം വിളിക്കുന്നെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. യോഗം വിളിക്കാന്‍ റവന്യൂമന്ത്രിയെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്. എന്നാല്‍ ഇത്തരമൊരു യോഗം സി.പി.ഐ നിലപാടിന് വിരുദ്ധമാണെന്നും കൈയേറ്റം ഒഴിപ്പിക്കണമെന്ന നിലപാടില്‍ തന്നെയാണ് പാര്‍ട്ടിയെന്നും വ്യക്തമാക്കിയാണ് റവന്യൂമന്ത്രി രംഗത്തെത്തിയത്.
ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത് നിയമപരമായ കാര്യങ്ങളാണെന്നും അനാവശ്യ ഇടപെടല്‍ ഉണ്ടാകുന്നത് ഗുണകരമല്ലെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഇ. ചന്ദ്രശേഖരന്‍ പറയുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ ഇടതുസര്‍ക്കാര്‍ നയത്തിന് അനുസരിച്ചു തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമനെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്ന് മന്ത്രി എം.എം. മണിയാണ് ആവശ്യപ്പെട്ടത്. ചെറുകിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കില്ലെന്ന തീരുമാനം സബ് കലക്ടര്‍ ലംഘിക്കുന്നെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ ഒന്നിന് ഉന്നതതല യോഗം വിളിക്കാന്‍ തീരുമാനിച്ചത്. മൂന്നാര്‍ പൊലിസ്‌സ്റ്റേഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ റിസോര്‍ട്ട് ഒഴിപ്പിക്കാന്‍ നോട്ടിസ് നല്‍കിയതാണ് ശ്രീറാം വെങ്കിട്ടരാമനെതിരായ നീക്കത്തിന് പിന്നിലെന്ന് സി.പി.ഐ കരുതുന്നു. കൈയേറ്റം ഒഴിപ്പിക്കാന്‍ നിലവില്‍ നിയമമുള്ളപ്പോള്‍ യോഗം വിളിക്കേണ്ട ആവശ്യമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പാപ്പാത്തിച്ചോലയില്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയതോടെയാണ് കൈയേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ജെ.സി.ബി ഉപയോഗിച്ചുള്ള ഒഴിപ്പിക്കലുകള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. കൈയേറ്റങ്ങള്‍ ഏതുതന്നെയായാലും ഒഴിപ്പിക്കണമെന്ന നിലപാടിലാണ് സി.പി.ഐയും റവന്യൂമന്ത്രിയും. അതേസമയം ഉന്നതരായ കൈയേറ്റക്കാര്‍ക്ക് മൂന്നാറിലെ സി.പി.എം നേതൃത്വം ഒത്താശ ചെയ്യുന്നെന്നാണ് സി.പി.ഐയുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."