ഇടതു സംഘടനാ നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്, ആ കളി ഇവിടെ വേണ്ട
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പരിഷ്‌കാരങ്ങള്‍ തുടര്‍ന്നാല്‍ മുട്ടുകാലു തല്ലിയൊടിക്കുമെന്ന ഭീഷണി ഉയര്‍ത്തിയ ഇടതു യൂണിയന്‍ നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫിസ് താക്കീത് ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് പൊതുഭരണവകുപ്പ് സെക്രട്ടറിയും അസോസിയേഷന്‍ ഭാരവാഹികളും അടങ്ങിയ കമ്മിറ്റിയും ചേര്‍ന്ന് നടത്തുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെയാണ് ഭരണകക്ഷി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ അശോക് കുമാറിന്റെ പേരു വച്ച് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയുള്ള നോട്ടീസ് ഇറക്കിയത്.
കെ.എ.എസ് നടപ്പാക്കാനും പഞ്ചിങ് കര്‍ശനമാക്കാനും ഇ ഫയല്‍ നിലവില്‍ വന്നശേഷം ജോലിയില്ലാതായ തസ്തികകള്‍ പുനര്‍വിന്യസിക്കാനും പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഇടതു സംഘടന നേതാക്കള്‍ നോട്ടിസിലൂടെ ഭീഷണി ഉയര്‍ത്തിയത്.
ഭരണപരിഷ്‌കാരങ്ങള്‍ സെക്രട്ടേറിയറ്റില്‍ തന്നെ ആദ്യം നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്ന് ഒട്ടനവധി തീരുമാനങ്ങള്‍ പൊതുഭരണവകുപ്പ് നടപ്പിലാക്കിയിരുന്നു. കെ.എ.എസ് നടപ്പാക്കുക, ഹാജര്‍ കൃത്യമാക്കാന്‍ ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്തുക, വിവിധ വകുപ്പുകള്‍ക്കിടയില്‍ ജോലി ഭാരം ഏകീകരിക്കുക, ഇ ഫയല്‍ കാരണം ജോലിയില്ലാതെയായ തസ്തികകള്‍ കണ്ടെത്തി അവയെ യുക്തിപരമായി വിനിയോഗിക്കുക, അനാവശ്യ സ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നടപടികള്‍ സെക്രട്ടേറിയറ്റില്‍ നടപ്പാക്കി.
പരിഷ്‌കാരങ്ങള്‍ സംഘടനാ നേതാക്കളുടെ പ്രസക്തി കുറയ്ക്കും എന്നതിനാല്‍ ഇടതു സംഘടന ഇവയെ എതിര്‍ത്തു. പൊതുഭരണ സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും തീരുമാനങ്ങളുമായി മുന്നോട്ടു പോയതാണ് ഇവരെ ചൊടിപ്പിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളത്തില്‍, ഹാജരാകാത്തതും വൈകിയതുമായ ദിവസങ്ങളിലെ ശമ്പളം കുറച്ചതും ജീവനക്കാരെ പ്രകോപിപ്പിച്ചു.
ഇതെല്ലാം തുഗ്ലക്ക് പരിഷ്‌കാരങ്ങളാണെന്നാണ് കുറ്റപ്പെടുത്തല്‍. ആശ്രിതനിയമനം പോലെ പിന്‍വാതിലിലൂടെ ഉദ്യോഗം ലഭിച്ചവര്‍ക്ക് ജീവനക്കാരുടെ താല്‍പര്യം മനസിലാകുന്നില്ലെന്നും പരിഹസിച്ചിരുന്നു.
പൊതുഭരണ വകുപ്പിലെ അഡിഷനല്‍ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിമാരുമായ ഷൈന്‍ എ.ഹക്ക്, രഞ്ജിത് കുമാര്‍, സി.അജയന്‍, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ജോയിന്റ് സെക്രട്ടറിമാരായ സന്തോഷ് കുമാര്‍, അബ്ദുല്‍ നാസര്‍ എന്നിവരാണ് സെക്രട്ടേറിയറ്റ് പരിഷ്‌കരണ കമ്മിറ്റിയുടെ അംഗങ്ങള്‍. ഇവരുടെ കാലാണ് തല്ലിയൊടിക്കുമെന്ന് പരസ്യമായി ഇടതു നേതാക്കള്‍ പ്രഖ്യാപിച്ചത്.
നോട്ടീസ് ഇറങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രിയ്ക്കും സി.പി.എം സംസ്ഥാന സെക്രട്ടറിയ്ക്കും പരാതി എത്തി. ഇതേ തുടര്‍ന്നാണ് സംഘടനാ നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിളിച്ചു വരുത്തി താക്കീത് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."