മലയോര ടൗണുകളെ ബന്ധപ്പെടുത്തി ചെറുവിമാന സര്‍വിസ്
രാജപുരം: സംസ്ഥാനത്ത് മലയോര ടൗണുകളെ ബന്ധിപ്പിച്ചുള്ള ചെറു വിമാന സര്‍വിസിനുള്ള സാധ്യതകളേറി. ഇതു സംബന്ധിച്ചുള്ള മുഴുവന്‍ രേഖകളും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി എം.ഡിക്കു കൈമാറിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പദ്ധതി താല്‍പര്യപൂര്‍വം ഏറ്റെടുത്തതാണു പുതിയ പ്രതീക്ഷകള്‍ക്കു വകയായത്.
ചെറു വിമാന സര്‍വിസ് എന്ന ആശയത്തിനുണ്ടായ നിയമ തടസ്സങ്ങള്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര വ്യോമയാന മന്ത്രാലയം നീക്കിയിരുന്നു. മുഴുവന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും അന്താരാഷ്ട്ര വിമാനത്താവളം ഇല്ലാത്ത ജില്ലകള്‍ തമ്മില്‍ വേഗത്തില്‍ ബന്ധിപ്പിക്കുവാന്‍ എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കുവാന്‍ അനുവാദം കൊടുത്തതോടെയാണ് കേരളവും ഈ ആശയത്തിലേക്ക് എത്തിയത്. ഇതു സംബന്ധിച്ചു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രധാനമന്ത്രി, വ്യോമയാന മന്ത്രി എന്നിവര്‍ക്കു മാലക്കല്ല് സ്വദേശിയും കാണിയൂര്‍ റെയില്‍പ്പാത എന്ന ആശയം അധികാരികള്‍ക്കു മുന്നിലെത്തിച്ച എന്‍ജിനിയറായ ജോസ് കൊച്ചിക്കുന്നേല്‍ റൂട്ടും പ്രൊജക്ട് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ആശയം ഗുണപരമാണെന്നു കണ്ടതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. പിന്നീട് തുടര്‍ നടപടികള്‍ക്കു വേഗത കുറഞ്ഞു.
അതിനിടെയാണ് ഈ ആശയം കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുത്തത്. കാര്‍വ്വാര്‍, ചിക്കമംഗളൂര്‍, മടിക്കേരി എന്നിവിടങ്ങളില്‍ എയര്‍ സ്ട്രിപ്പ് പണിയുവാന്‍ ബജറ്റില്‍ തുക നീക്കി. ഈ സാഹചര്യങ്ങള്‍ വിശദീകരിച്ചാണ് ജോസ് കൊച്ചിക്കുന്നേല്‍ മുഖ്യമന്ത്രി പിണറായി വിജയനു മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖേന നിവേദനം നല്‍കിയത്. പ്രാഥമികമായി തന്നെ താല്‍പര്യമെടുത്ത മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കൂടുതല്‍ കാര്യങ്ങള്‍ക്കായി കൈമാറി. ഇതാണ് സിയാല്‍ എം. ഡിക്കു മുന്നിലെത്തിയിരിക്കുന്നത്.
50 ഏക്കര്‍ സ്ഥലം മാത്രം വേണ്ടിവരുന്ന പദ്ധതി പ്രാവര്‍ത്തികമായാല്‍ മലയോര ടൗണുകള്‍ തമ്മില്‍ ചുരുങ്ങിയ സമയം കൊണ്ട് ബന്ധപ്പെടാന്‍ കഴിയും. വിവിധ തീര്‍ഥാടക കേന്ദ്രങ്ങളെയും ഇവ യോജിപ്പിക്കും. കാസര്‍കോട് നിന്നു തലസ്ഥാനത്തേക്കു തീവണ്ടി മാര്‍ഗം എത്താനുള്ള സമയം 12 മണിക്കൂര്‍ എന്നത് പദ്ധതി വന്നാല്‍ 45 മിനുട്ടായി കുറയും. ടൂറിസം രംഗത്തും വന്‍ മുന്നേറ്റം നടത്താന്‍ ഇതുവഴിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."