ആദിവാസി വിഭാഗങ്ങള്‍ക്കുള്ള ഭൂമി ഏറ്റെടുക്കലും ഭവന നിര്‍മാണവും അനിശ്ചിതത്വത്തില്‍
മാനന്തവാടി: ജില്ലയില്‍ ഭൂരഹിതരായ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്ന പദ്ധതി അനിശ്ചിതത്വത്തില്‍. മുന്‍സര്‍ക്കാരിന്റെ കാലത്ത് ആശിക്കും ഭൂമി ആദിവാസിക്ക്, അരിവാള്‍ രോഗികള്‍ക്കുള്ള ഭൂമി വിതരണം, മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഭൂമി വിതരണം എന്നിങ്ങനെ വിവിധ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഭൂമി കണ്ടെത്തി വിതരണം ചെയ്തിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ ഇത്തരത്തിലുള്ള യാതൊരു ഭൂമി ഏറ്റെടുക്കലിനും ഇത് വരെയും തയാറായിട്ടില്ല. 2012ല്‍ സര്‍ക്കാര്‍ നടത്തിയ കണക്കെടുപ്പില്‍ ജില്ലയില്‍ മാനന്തവാടി താലൂക്കില്‍ 2512, ബത്തേരിയില്‍ 3926, കല്‍പ്പറ്റയില്‍ 2379 എന്നിങ്ങനെ 8817 ആദിവാസി കുടുംബങ്ങള്‍ സ്വന്തമായി വീട് വെക്കാന്‍ പോലും ഭൂമിയില്ലാത്തവരാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ആയിരത്തോളം പേര്‍ക്കാണ് വിവിധ പദ്ധതികളിലൂടെ മുന്‍സര്‍ക്കാര്‍ ഭൂമി നല്‍കിയത്.
ബാക്കിയുള്ളവര്‍ ഇപ്പോഴും സര്‍ക്കാര്‍ നല്‍കുന്ന ഭൂമി കാത്തിരിപ്പിലാണ്. 2015ഓടെ കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കിമാറ്റുന്നതിനായി സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന റവന്യു ഭൂമിയില്‍ നിന്ന് മൂന്ന് സെന്റ് വീതം വിതരണം ചെയ്തിരുന്നു. എന്നാല്‍ ആദിവാസി വിഭാഗങ്ങള്‍ മറ്റു വിഭാഗങ്ങളോടൊപ്പം ഇടകലര്‍ന്ന് ജീവിക്കുന്നതിന് തയാറല്ലാത്തതിനാലും ലഭിച്ച ഭൂമി വാസയോഗ്യമല്ലാത്തതിനാലും ഭൂമി ലഭിച്ച ആദിവാസികള്‍ ഭൂമിയിലേക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്തിട്ടില്ല.
അധികൃതര്‍ ഇത്തരം ഭൂമിയുടെ രേഖകള്‍ തിരിച്ചുവാങ്ങി പൊതുവിഭാഗത്തിന് വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2003 ലെ മുത്തങ്ങ സമരത്തില്‍ പങ്കടെുത്തവര്‍ക്കുള്ള ഭൂമി വിതരണവും നിലച്ചിരിക്കുകയാണ്.
നിരന്തരമായുണ്ടായ സമരങ്ങള്‍ക്കൊടുവില്‍ മുന്‍സര്‍ക്കാര്‍ 812 പേര്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ ആദ്യഘട്ടമെന്ന നിലയില്‍ സമരത്തില്‍ മരണപ്പെട്ട ജോഗിയുടെ മകന്‍ ശിവനുള്‍പ്പെടെ 285 പേരെ നറുക്കിട്ടെടുത്ത് ഭൂമി വിതരണം ചെയ്തു. ഇവര്‍ക്കായി ഇരുളത്ത് 45 ഏക്കര്‍, വെള്ളരിമലയില്‍ 113, വാളാട് 60, കാഞ്ഞിരങ്ങാട് 24, തൊണ്‍ര്‍നാട് 5, ചുണ്ടേല്‍ 24, മൂപ്പൈനാട് 13, പനമരം ഒരേക്കര്‍ എന്നിങ്ങനെയാണ് ഭൂമി കണ്ടെത്തി വിതരണം ചെയ്തത്. ഒരേക്കര്‍ വീതം ഭൂമിയുടെ രേഖയും ചിലര്‍ക്ക് ഭൂമിയും അളന്ന് തിരിച്ച് നല്‍കിയെങ്കിലും ഇവര്‍ക്കും വീട് നിര്‍മാണത്തിനുള്ള ഫണ്ട് ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."