അംഗപരിമിതരായ ആദിവാസികള്‍ക്ക് കൈത്താങ്ങുമായി മമ്മൂട്ടി
മുള്ളേരിയ: അംഗപരിമിതരായ ആദിവാസികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന നടന്‍ മമ്മൂട്ടിയുടെ 'കെയര്‍ ആന്‍ഡ് ഷെയര്‍' പദ്ധതിക്ക് മുള്ളേരിയയില്‍ തുടക്കമായി. മുള്ളേരിയ പാര്‍ത്ഥ കൊച്ചിയില്‍ 'ഉണ്ട' ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. ഷൂട്ടിങ് ലൊക്കേഷനില്‍ മമ്മൂട്ടിയെ കാണാനെത്തിയ ബേളകം ഊരിലെ 90കാരനായ മൂപ്പന്റെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ സജിത്ത് ബാബു ഉപകരണങ്ങള്‍ മമ്മൂട്ടിക്കു കൈമാറി.
മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ക്കായി ചെയ്യുന്ന സേവനങ്ങള്‍ക്കു നന്ദി പറയാനും കൂടുതല്‍ സഹായങ്ങള്‍ ആവശ്യപ്പെടാനുമാണ് ഇന്നലെ ഉച്ചയോടെ മൂപ്പനും സംഘവും കാടിറങ്ങി വന്നത്. തങ്ങളുടെ തനതുശൈലിയില്‍ നിര്‍മിച്ച കരകൗശലവസ്തുക്കളും പലഹാരങ്ങളുമെല്ലാം ഇവര്‍ മമ്മൂട്ടിക്ക് സമ്മാനിച്ചു.
സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ പത്തു വര്‍ഷംമുന്‍പ് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ രൂപീകരിച്ച ജീവകാരുണ്യ സംഘടനയാണ് 'കെയര്‍ ആന്‍ഡ് ഷെയര്‍' ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍. ആദിവാസി കുട്ടികള്‍ക്ക് അടിയന്തരമായി ആവശ്യമുള്ള കാര്യങ്ങളെ കുറിച്ച് ബേളകം കോളനിയിലെ ആദിവാസികളുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി. സംഘടനയുടെ മാനേജിങ് ഡയരക്ടര്‍ ഫാ. തോമസ് കുര്യന്‍ മാരാട്ടിപ്പുഴ, എ.ഡി.എം ദേവിദാസ്, ഡയരക്ടര്‍മാരായ റോബര്‍ കുര്യാക്കോസ്, എസ്. ജോര്‍ജ്, മമ്മൂട്ടി ഫാന്‍സ് ജില്ലാ ഭാരവാഹികളായ ഷാജഹാന്‍, അന്‍ഷാദ് ചെമ്മാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."