ജയാനന്ദ ഒന്നാം വോട്ടര്‍; വോട്ടിംഗ് മെഷിനില്‍ സ്ഥാനാര്‍ഥികളുടെ പേര് മലയാളത്തിലും കന്നഡയിലും
മഞ്ചേശ്വരം: 'ബി.ജയാനന്ദ (47). ഉദയ നഗര്‍, 1300 എ'. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പുസ്തകത്തില്‍ സംസ്ഥാനത്തെ ഒന്നാമത്തെ വോട്ടര്‍. ഈ ഒന്നാം വോട്ടറിനുള്‍പ്പെടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ ഒന്നാമത്തെ മണ്ഡലത്തില്‍ ഒന്നാമത്തെ ബൂത്തും പോളിംഗ് സ്‌റ്റേഷനും ഒരുങ്ങി.
കുഞ്ചത്തൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കിഴക്കേ കെട്ടിടത്തിന്റെ വടക്കുഭാഗത്താണ് കേരളത്തിലെ ഒന്നാമത്തെ ബൂത്ത്. ഒന്നാമത്തെ പോളിംഗ് സ്‌റ്റേഷനായ കുഞ്ചത്തൂര്‍ ജി.വി.എച്ച്.എസ്.എസില്‍ ഈ ഒന്നാം നമ്പര്‍ ബൂത്തിനു പുറമെ മറ്റു രണ്ടു ബൂത്തുകള്‍ കൂടിയുണ്ട്. ഭാഷാവൈവിധ്യത്തിന്റെ സൗന്ദര്യം ഉള്‍ക്കൊണ്ടാണ് കേരളത്തിലെ ഒന്നാം മണ്ഡലമായ മഞ്ചേശ്വരത്തെ ഈ ഒന്നാം ബൂത്തും ഒരുങ്ങിയിരിക്കുന്നത്.
കന്നഡ, ഉറുദു, തുളു, മലയാളം, ബ്യാരി, മറാഠി തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്ന 1318 വോട്ടര്‍മാരാണ് ഈ ബൂത്തില്‍ ഉള്ളത്. ഇതില്‍ 627 പുരുഷന്‍മാരും 691 സ്ത്രീവോട്ടര്‍മാരുമാണുള്ളത്. രണ്ടാമത്തെ വോട്ടര്‍ 61 കാരി സാദിഖാ ബീഗമാണ്. പിന്നെ സാദിഖാ ബീഗത്തിന്റെ കുടുംബാംഗങ്ങള്‍... അങ്ങനെ നീളുന്ന ആദ്യ ബൂത്തിലെ വോട്ടര്‍മാര്‍.
കുഞ്ചത്തൂര്‍ ഉള്‍പ്പെടുന്ന മഞ്ചേശ്വരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കണ്വതീര്‍ഥയില്‍ ബി.ജെ.പി പ്രതിനിധിയാണ് വാര്‍ഡ് അംഗമെങ്കിലും പഞ്ചായത്ത് ഭരണം മുസ്‌ലിം ലീഗിനാണ്. ആകെയുളള 21 വാര്‍ഡില്‍ 10 ഇടത്ത് മുസ്‌ലിം ലീഗാണ് വിജയിച്ചത്. കോണ്‍ഗ്രസിന് രണ്ടും എസ്.ഡി.പി.ഐയ്ക്കും പി.ഡി.പിക്കും ഓരോ അംഗങ്ങളും വീതമുണ്ട്. ബി.ജെ.പിക്ക് ആറ് അംഗങ്ങളാണുളളത്. ഒരു സ്വതന്ത്രനുമുണ്ട്. സി.പി.എമ്മിനോ സി.പി.ഐയ്‌ക്കോ ഈ പഞ്ചായത്തില്‍ അംഗങ്ങളില്ല.
കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് കുഞ്ചത്തൂര്‍. ഭാഷാ വൈവിധ്യത്തിന്റെയും സംസ്‌കാരത്തിന്റെയും വ്യത്യസ്തതകൊണ്ട് നാനാത്വത്തില്‍ ഏകത്വം തീര്‍ക്കുകയാണ് ഈ കര്‍ഷക ഗ്രാമം. വൈവിധ്യത്തിന്റെ കലവറയാണ് ഇവിടം. ഇവിടെനിന്നു മംഗലാപുരം നഗരത്തിലേക്ക് 20 കിലോമീറ്ററില്‍ താഴെയാണ് ദൂരം. ജില്ലാ ആസ്ഥാനമായ കാസര്‍കോട് എത്തണമെങ്കില്‍ 30 കിലോമീറ്ററോളം തെക്കോട്ട് യാത്ര ചെയ്യണം.
മലയാളവും കന്നഡയും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ വോട്ടിംഗ് മെഷിനില്‍ മലയാളത്തിനു പുറമെ കന്നഡയിലും സ്ഥാനാര്‍ഥികളുടെ പേര് ഉണ്ടാകും. മഞ്ചേശ്വരം മണ്ഡലത്തിലെ മറ്റ് ബൂത്തുകളിലും ഈ രണ്ടു ഭാഷകളിലും വോട്ടിംഗ് മെഷിനില്‍ സ്ഥാനാര്‍ഥികളുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നതാണ് പ്രത്യേകത.
കൂടുതല്‍ പേരുടെയും എഴുത്തുഭാഷ കന്നഡയാണ്. മണ്ഡലത്തില്‍ ചെറിയ ശതമാനം മാത്രമാണ് മലയാളം ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് മഞ്ചേശ്വരം ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. മത്സരം തീപാറിയതോടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയും മഞ്ചേശ്വരത്തിന് കിട്ടി. പ്രചാരണത്തിന് കൊട്ടിക്കലാശമായതോടെ വോട്ടിനൊരുങ്ങിയിരിക്കുകയാണ് ഈ അതിര്‍ത്തി മണ്ഡലവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."