അന്ധകാരനഴി പൊഴിമുറിക്കാന്‍ കലക്ടറുടെ ഉത്തരവ്
തുറവൂര്‍: തിരയില്‍ മണല്‍ കൂടി അടഞ്ഞ അന്ധകാരനഴി പൊഴിമുറിക്കാന്‍ റവന്യു അധികൃതര്‍ക്കു കലക്ടര്‍ വീണ മാധവന്‍ നിര്‍ദേശം നല്‍കി. പൊഴിമുറി യാത്തതിനാല്‍ കടക്കരപ്പള്ളി ,വയലാര്‍,പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട് എന്നി പഞ്ചായത്തുകളില്‍ മലിനജലം കെട്ടിക്കിടക്കുകയാണെന്നും പകര്‍ച്ച വ്യാധി ഭീഷണി നേരിടുകയാണെന്നും ജില്ലാ കലക്ടറേറ്റില്‍ നടന്ന പകര്‍ച്ചപ്പനി തടയുന്നതിനുള്ള യോഗത്തില്‍ എ.എം ആ രീഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം സജിമോള്‍ ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊഴിമുറിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
രണ്ടാഴ്ച മുമ്പ് പൊഴി സ്വാഭാവികമായി മുറിഞ്ഞ് കടല്‍വെള്ളം പൊഴിച്ചാലിലേക്ക് ഒഴുകി തുടങ്ങിയിരുന്നു. എന്നാല്‍ ശക്തമായ തിരയില്‍ മണല്‍മൂടി പൊഴി അടയുകയായിരുന്നു. വിവിധയിടങ്ങളില്‍ അഴുക്ക് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ജനങ്ങള്‍ ഏറെ ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട്.
വെള്ളത്തില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നതിനാല്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല കടലില്‍ നിന്ന് പൊഴിയിലേക്കും കടലിലേക്കും തിരിച്ചും വെള്ളം ഒഴുകിയെങ്കില്‍ മാത്രമേ മീനുകളുടെ പ്രജനം നടക്കുകയുള്ളു.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ ജെ.സി.ബി ഉപയോഗിച്ച് പൊഴിമുറിക്കണമെന്നാണ് തീരദേശ ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."