സവര്‍ക്കര്‍ക്കും ഭാരത രത്‌നമോ?
ലോകത്തിലെ ഏറ്റവും വലിയ മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് രാജ്യം എന്ന നിലയില്‍ യശസ് ആര്‍ജിച്ച രാഷ്ട്രമാണ് നമ്മുടേത്. ആര്‍ഷഭാരതം എന്നു 135 കോടി ജനതയുടെ മാതൃഭൂമി അറിയപ്പെട്ടപ്പോഴും, ഇത് വിവിധ മതവിശ്വാസികളുടെ കേദാരമാണ്: വസുദേവ കുടുംബകം എന്ന മന്ത്രം ചൊല്ലി മനുഷ്യരെ എല്ലാവരെയും ഒരേ കുടുംബത്തിലെ അംഗങ്ങളായിക്കണ്ട ഋഷിവര്യന്മാര്‍ തന്നെയാണ,് ഹിന്ദുമതം പിറന്ന നാട്ടിലേക്കാണ് ഇസ്‌ലാം മതത്തെയും ക്രിസ്തുമതത്തെയും വരവേറ്റത്. എന്നിട്ടും മതങ്ങള്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ ഭാരതം, സിഖുമതത്തെയും ബുദ്ധമതത്തെയും നൊന്തുപെറ്റതും ഇവിടെ തന്നെ. ആ സൗഹൃദം കണ്ട് മഹാകവി പാടി: സാരേ ജഹാന്‍സെ അഛാ, ഹിന്ദുസ്ഥാന്‍ഹമാരാ. ലോകത്തിലെ ഏറ്റവും നല്ല രാജ്യം നമ്മുടെ ഇന്ത്യയാണ്. അല്ലാമാ ഇഖ്ബാല്‍ അവിടെയും നിര്‍ത്തിയില്ല. ഇത് ഒരു പൂങ്കാവനവും നാം അതിലെ പൂങ്കുയിലുകളുമാണ്. അപ്പോഴും നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാധിപത്യം അവസാനിപ്പിച്ച് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന രാഷ്ട്രപിതാവിനെ നാം വെടിവച്ചു വീഴ്ത്തി. മതേതരത്വത്തില്‍ നമ്മെ ഉറപ്പിച്ചുനിര്‍ത്തിയ ആദ്യ പ്രധാനമന്ത്രിയെ മാത്രമല്ല, ആ കുടുംബത്തില്‍ പെട്ട പിന്‍തലമുറക്കാരെയെല്ലാം അപമാനിച്ചു വിടുകയും ചെയ്യുന്നു.
ലോകമെമ്പാടും മഹാത്മജിയുടെ 150-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ നാം ആ ഛായാപടം എഴുന്നെള്ളിച്ചുകൊണ്ടുവന്ന് അതിന്റെ നേര്‍ക്ക് പ്രതീകാത്മകമായി നിറയൊഴിക്കുന്നു. ഗാന്ധിഘാതകന്റെ പേരില്‍ ക്ഷേത്രം നിര്‍മിക്കുന്നു. ഇപ്പോഴിതാ വര്‍ഗീയതയുടെ വേരുകള്‍ ആഴത്തിലിറക്കിയ വീരസവര്‍ക്കര്‍ എന്ന ആള്‍ക്ക്, രാഷ്ട്രത്തിന്റെ അത്യുന്നത പദവിയായ ഭാരത രത്‌ന ബഹുമതി നല്‍കാനും തയ്യാറെടുക്കുന്നു. ഹോക്കി കളിയില്‍ മാന്ത്രികനായി അറിയപ്പെട്ട ധ്യാന്‍ചന്ദിനോ, അനശ്വരമായ പതിനായിരക്കണക്കിനു ഗാനങ്ങള്‍ കൊണ്ട് ലോകത്തെ കോരിത്തരിപ്പിച്ച മുഹമ്മദ് റഫിക്കോ, സമ്മാനിക്കാന്‍ ഇനിയും മനസ്സ് കാണിക്കാത്ത നാട്ടില്‍, വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന മനുഷ്യന്‍ ഭാരതരത്‌ന നേടാന്‍ പോവുന്നു.
മഹാരാഷ്ട്രയിലെ ഭാഗൂരില്‍ 1883ല്‍ ജനിക്കുകയും മുംബൈയില്‍ 1966ല്‍ മരണപ്പെടുകയും ചെയ്ത സവര്‍ക്കര്‍ എഴുത്തുകാരനായിരുന്നു, അഭിഭാഷകനായിരുന്നു. എന്നാല്‍ ഹിന്ദുമഹാസഭയുടെ സ്ഥാപകനായ അദ്ദേഹത്തെ വരേണ്യവര്‍ഗം വീരസവര്‍ക്കര്‍ എന്നാണ് പുകഴ്ത്തിക്കൊണ്ടിരുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ധീരവീരസാഹസിക യത്‌നങ്ങള്‍ നടത്തിയതായി അവര്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിനു വീരന്‍ എന്ന ബഹുമതി ചാര്‍ത്തിക്കിട്ടിയത് അതിനൊന്നുമല്ല. തന്നെ പന്ത്രണ്ടാം വയസില്‍ ഒരു കൂട്ടം വിദ്യാര്‍ഥികളെ മിത്രമേള എന്ന പേരില്‍ സംഘടിപ്പിച്ച്, തന്റെ ഗ്രാമത്തിലെ മുസ്‌ലിംകളെ ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇന്നിപ്പോള്‍ മഹാരാഷ്ട്രയും മറ്റും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു ചെന്ന അവസരത്തിലാണ് സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കുമെന്ന പ്രഖ്യാപനവുമായി ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഢ തന്നെ മുംബൈയില്‍ മാനിഫെസ്റ്റോ പുറത്തിറക്കിയിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗവുമായ ജഗത് പ്രകാശ് നഡഢയ്ക്ക് വര്‍ക്കിങ് പ്രസിഡന്റ് എന്ന പദവിയേ ലഭിച്ചിട്ടുള്ളൂ എന്നു നമുക്കറിയാം. അമിത് ഷായെ കേന്ദ്രമന്ത്രിസഭയിലേക്കെടുത്തതോടെ കിട്ടിയ തസ്തിക സ്ഥിരപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുന്ന അടവായി മാത്രം, പക്ഷെ, നമുക്കിതിനെ കാണാനൊക്കില്ല. കാരണം, തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വന്നുപറഞ്ഞത്, ഭാരതരത്‌നം നല്‍കാതെ നാം ഇത്രനാളും സവര്‍ക്കറെ അപമാനിക്കുകയായിരുന്നു എന്നാണ്.
എന്നാല്‍ കാവി രാഷ്ട്രീയക്കാര്‍ ഭാരതരത്‌നമായി ഉയര്‍ത്തിക്കൊണ്ട് വരുന്ന സവര്‍ക്കര്‍ രണ്ടു ഗ്രന്ഥങ്ങളിലൂടെ ഹിന്ദുത്വം എന്ന ആശയം തന്നെ പുറത്തെടുത്ത മനുഷ്യനാണ്. ഇന്ത്യയെ മാതൃഭൂമിയും പിതൃഭൂമിയും ആയി കരുതുന്നവരുടേത് മാത്രമാണ് ആര്‍ഷഭാരതം എന്നു പറഞ്ഞു, വിഷവിത്ത് ഇറക്കി തുടങ്ങിയ അദ്ദേഹമാണ് ദ്വിരാഷ്ട്രസിദ്ധാന്തത്തിന്റെ വിത്ത് വിതച്ചതും.
തന്റെ ലക്ഷ്യപ്രാപ്തിക്കായി സവര്‍ക്കര്‍ സ്വാതന്ത്ര്യസമരരംഗത്തുണ്ടായിരുന്നുവെന്നത് നേര്. ഗാന്ധിജിയുമായി അടുത്തബന്ധം പുലര്‍ത്തിയപ്പോള്‍തന്നെ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ ശക്തനായ വിമര്‍ശകനുമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തും പ്രസംഗവുമെല്ലാം ഹിന്ദുക്കളും മുസ്‌ലിംകളും രണ്ടു രാഷ്ട്രങ്ങളാണ് എന്ന നിലയിലായിരുന്നു. ഈയൊരു വിദ്വേഷ രീതി ഇംഗ്ലണ്ടില്‍ പഠിക്കാന്‍ പോയപ്പോള്‍, ഇന്ത്യാ ഹൗസില്‍ ഇരുന്നും അദ്ദേഹം തുടര്‍ന്നു കൊണ്ടിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം എന്ന പേരില്‍ ഒരു സായുധ വിപ്ലവത്തിന് ആണിക്കല്ലിട്ട അദ്ദേഹം, പക്ഷെ അറസ്റ്റിലായി. ഇന്ത്യയിലേക്ക് തടവുകാരനായി കൊണ്ടുവരവേ, കപ്പലില്‍നിന്നു കടലില്‍ ചാടാനും സാഹസംകാട്ടി. എന്നാല്‍ ശ്രമം പരാജയപ്പെട്ടു. 1911ല്‍ 50 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ആന്‍ഡമാന്‍ ജയിലിലുമായി. ജയിലിലും മുസ്‌ലിം തടവുകാര്‍ ബാങ്ക് വിളിക്കുന്ന സമയത്ത് ഹിന്ദു തടവുകാരോട് ശംഖ്‌നാദം മുഴക്കാന്‍വരെ അദ്ദേഹം പ്രേരിപ്പിക്കുമായിരുന്നു. മുസ്‌ലിം തടവുകാര്‍ ഭക്ഷണം കഴിക്കുന്ന തളികകളില്‍ ശുദ്ധികലശം നടത്താന്‍, ഒരു സന്യാസിയെപ്പോലും അദ്ദേഹം ജയിലില്‍ സൃഷ്ടിച്ചെടുത്തു. 1913 നവംബര്‍ 14നു ഗവര്‍ണര്‍ ജനറലുടെ ഹോം സെക്രട്ടറി സര്‍ റജിനോള്‍ഡ് ക്രഡോക്കിനെഴുതിയ കത്തില്‍ ആന്‍ഡമാനില്‍ താന്‍ ഏകാന്ത തടവിലാണെന്നും രാഷ്ട്രീയ തടവുകാരനെന്ന നിലയില്‍ ഇളവുകള്‍ ലഭിക്കാനായി ഇന്ത്യന്‍ ജയിലിലേക്കുമാറ്റുകയെങ്കിലും ചെയ്യണമെന്നും അഭ്യര്‍ഥിക്കുകയാണ് അദ്ദേഹം ചെയ്തത്.
മറ്റു തടവുകാര്‍ക്കിടയില്‍ ഇടതിങ്ങി ജീവിക്കാന്‍ വയ്യെന്ന് അഞ്ചു തവണ നടത്തിയ അഭ്യര്‍ഥനകളെ തുടര്‍ന്നു, മഹാരാഷ്ട്രയില്‍ പുനെയിലെ യെര്‍വാദാ സെന്‍ട്രല്‍ ജയിലിലേക്ക് സവര്‍ക്കറെ മാറ്റി. പിന്നീട് ജയില്‍ മോചിതനായതും മാപ്പപേക്ഷ നല്‍കിക്കൊണ്ടു തന്നെ. ഏത് വിധത്തിലായാലും ബ്രിട്ടീഷ് സര്‍ക്കാരിനെ സേവിക്കാമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീരമരണം വരിച്ച ഭഗത് സിങ്ങിനെപ്പോലെ ഇരുന്നൂറോളം പേര്‍ അന്ന് ആന്‍ഡമാന്‍ ജയിലില്‍ ഉണ്ടായിരുന്നു. കേവലം 23 വയസ്സ് മാത്രം പ്രായമായിരുന്ന ഭഗത്‌സിങ്ങ് ഒരു ക്ഷമാപണത്തിനും കൂട്ടു നില്‍ക്കാതെ, ബ്രിട്ടീഷ് ഭരണം സമ്മാനിച്ച തൂക്കുമരത്തിലേക്ക് നടന്നുപോവുകയാണ് ചെയ്തത്.
ജയില്‍ മോചിതനായ സവര്‍ക്കര്‍, ഹിന്ദുരാഷ്ട്രവാദവുമായി തന്നെ പൊതുജീവിതം തുടര്‍ന്നു. 1937ല്‍ ഹിന്ദുമഹാസഭാ പ്രസിഡന്റ് പദത്തിലെത്തിയ അദ്ദേഹം 1943വരെ തല്‍സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ മഹാത്മജിയുടെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെപ്പോലും എതിര്‍ത്ത് ബ്രിട്ടീഷ് അധികാരികളുടെ കളിത്തോഴനാവുകയാണ് ചെയ്തത്.
1942ല്‍ ക്വിറ്റിന്ത്യാ പ്രസ്ഥാനം പടര്‍ന്നു പന്തലിച്ചു കൊണ്ടിരുന്നപ്പോള്‍ സവര്‍ക്കറും ഹിന്ദുമഹാസഭയും ബ്രിട്ടീഷ് പട്ടാളത്തിലേക്ക് ആളെ ചേര്‍ക്കുകയായിരുന്നുവെന്ന് 'ആജ്തക്ക്' ഗ്രൂപ്പിന്റെ മാനേജിങ്ങ് എഡിറ്ററായിരുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അശുതോഷ് പറയുന്നു. ഗാന്ധിവധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളാണ് സവര്‍ക്കര്‍ എന്നും നാഥുറാം ഗോഡ്‌സെയെയും നാരായണന്‍ ആപ്തയെയും വധശിക്ഷക്കു വിധിച്ചപ്പോള്‍, സാങ്കേതിക ന്യായത്തിലാണ് സവര്‍ക്കര്‍ മോചിതനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പശ്ചാത്തലങ്ങളെല്ലാമുള്ള ഒരാളെയാണ് ബി.ജെ.പി ഭരണകൂടം ഭാരതരത്‌നം മരണാനന്തര ബഹുമതി ആയി നല്‍കി ആദരിക്കാന്‍ പോകുന്നത്. 1954 മുതല്‍ നമ്മുടെ നാട് നല്‍കിവരുന്ന പരമോന്നത ബഹുമതിക്കു കളങ്കം ചാര്‍ത്തിക്കൊണ്ട്.
ഇതിനകം അമ്പതോളം പ്രഗത്ഭര്‍ക്ക് മാത്രമാണ് ഇത് സമ്മാനിക്കപ്പെട്ടത്. ആദ്യ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരി, രാഷ്ട്രപതിമാരായ ബാബു രാജേന്ദ്രപ്രസാദ്, ഡോ. എസ്. രാധാകൃഷ്ണന്‍, ഡോ. സാക്കിര്‍ ഹുസൈന്‍, വി.വി ഗിരി, ഡോ. എ.പി.ജെ അബ്ദുല്‍കലാം, പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് നെഹ്‌റു, ലാല്‍ബഹദൂര്‍ ശാസ്ത്രി, മൊറാര്‍ജി ദേശായി, ഇന്ദിരാഗാന്ധി, എ.ബി വാജ്‌പേയി, രാജീവ്ഗാന്ധി തുടങ്ങിയവരുടേതാണ് ആ പട്ടിക. കേന്ദ്രമന്ത്രിമാരായ ഗുല്‍സാര്‍ലാല്‍ നന്ദ, മൗലാനാ അബുല്‍ കലാം ആസാദ്, സര്‍ദാര്‍ പട്ടേല്‍, ഡോ. ബി.ആര്‍ അംബേദ്കര്‍, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ, പണ്ഡിറ്റ് ജി.ബി. പാന്ത്, അരുണാ ആസഫലി തുടങ്ങി എം.ജി. രാമചന്ദ്രന്‍, കെ. കാമരാജ് ആദിയായവരും ആ പട്ടികയില്‍ എതിര്‍പ്പില്ലാതെ സ്ഥാനം പിടിച്ചവരാണ്.
നെല്‍സണ്‍ മണ്ടേല, ഖാന്‍ അബ്ദുല്‍ ഗഫാര്‍ഖാന്‍, മദര്‍ തെരേസ, ആചാര്യ വിനോബഭാവെ, ഡോ. സി.വി രാമന്‍, ഡോ. എസ് വിശ്വേശ്വരയ്യ, അമര്‍ത്യാസെന്‍, ജെ.ആര്‍.ഡി ടാറ്റ തുടങ്ങിയവരും, സംഗീതരംഗത്തെ കുലപതികളായിരുന്ന എം.എസ് സുബ്ബലക്ഷ്മി, ഉസ്താദ് ബിസ്മില്ലാ ഖാന്‍, ഭീംസെന്‍ ജോഷി, ലതാമങ്കേശ്ക്കര്‍, രവിശങ്കര്‍ എന്നിവരും ചലച്ചിത്രരംഗത്തെ മഹാപ്രതിഭ സത്യജിത്ത് റോയ് തുടങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെയും കടന്നുചെന്ന മേഖലയാണിത്.
തങ്ങള്‍ തന്നെ തിരഞ്ഞെടുത്ത് തങ്ങള്‍ക്കുതന്നെ ഭാരതരത്‌നം നല്‍കുന്നത് ശരിയല്ലെന്നു പറഞ്ഞു മൗലാനാ ആസാദ് ആ ബഹുമതി നിരസിച്ചിരുന്ന ചരിത്രവും നമുക്കറിയാം. ഒടുവില്‍ മരണാനന്തരമാണ് 1992ല്‍ പിന്നെ അത് അദ്ദേഹത്തിനു സമ്മാനിച്ചത്. അതേപോലെ 1992ല്‍ തന്നെ സുഭാഷ് ചന്ദ്രബോസിനു ഭാരതരത്‌ന പ്രഖ്യാപിച്ചെങ്കിലും മരണം സ്ഥിരീകരിക്കപ്പെടാത്തതിനാല്‍ അത് പിടിച്ചു വച്ചതും ചരിത്രം.
ഇങ്ങനെ ചരിത്രത്തിന്റെ തങ്കത്താളുകള്‍ പേരെഴുതി കടന്നുപോയ മഹാപ്രതിഭകളോടൊപ്പം കളങ്ക പങ്കിലമായ ഒരാളെക്കൂടി ചേര്‍ത്തുവയ്ക്കാന്‍ നാം ശ്രമിച്ചാല്‍ ചരിത്രം നമുക്ക് മാപ്പ് നല്‍കുകയില്ല. എന്നാല്‍ ഇന്ത്യയൊട്ടാകെ ആര്‍.എസ്.എസ് ശാഖകളുടെ എണ്ണം 51 ശതമാനം വര്‍ധിച്ചെന്നു ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ അവകാശപ്പെടുമ്പോള്‍, ലോകത്ത് ഏറ്റവും അധികം അംഗങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടേതാണെന്നു ബി.ജെ.പി അവകാശപ്പെടുമ്പോള്‍, തിരുവായക്ക് എതിര്‍വായ് ഇല്ലാതെ പോകുമോ എന്നതാണ് മതേതര ജനാധിപത്യമൂല്യങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ജനകോടികളുടെ ഭയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."