മഞ്ചേശ്വരത്ത് ഉയരുമോ പോളിങ് ശതമാനം..?
കാസര്‍കോട്: ആരായാലും മഞ്ചേശ്വരം കടക്കണമെങ്കില്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെ ബൂത്തിലെത്തണം. ഉയരുന്ന പോളിങ് ശതമാനത്തിലാണ് മുന്നണികളുടെ പ്രതീക്ഷയും 'ആശങ്ക'യും. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കുറവ് പോളിങ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഈ മണ്ഡലം. കഴിഞ്ഞ തവണ പോളിങ് ശതമാനം 76.33 ആയിരുന്നു. സംസ്ഥാന ശരാശരി തന്നെ 77.35 ശതമാനമായിരുന്നു. സ്ത്രീ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പല മര്‍ഗങ്ങളും പരീക്ഷിച്ചുവെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 75.87 ശതമാനത്തില്‍ പോളിങ് എത്തിക്കാനേ കഴിഞ്ഞിരുന്നുള്ളൂ.
യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. ശങ്കര്‍ റൈയും എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറുമാണ് ഏറ്റുമുട്ടുന്നത്. ശ്രദ്ധേയമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് മഞ്ചേശ്വരം. സ്വതന്ത്രരുള്‍പ്പെടെ ഏഴുപേരാണ് മത്സരരംഗത്തുള്ളത്. ഇതില്‍ ഒരാള്‍ യു.ഡി.എഫ് സഥാനാര്‍ഥിയുടെ അപരനാണ്. എം.എല്‍.എയായിരുന്ന മുസ്‌ലിം ലീഗിലെ പി.ബി അബ്ദുല്‍റസാഖ് മരണമടഞ്ഞതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മണ്ഡല രൂപീകരണത്തിനുശേഷം കടുത്ത മത്സരമായിരുന്നു 2016ല്‍ മഞ്ചേശ്വരം സാക്ഷ്യം വഹിച്ചത്. അന്ന് 89 വോട്ടിനായിരുന്നു മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പി.ബി അബ്ദുല്‍റസാഖ് കടന്നുകൂടിയത്. ബി.ജെ.പിയിലെ കെ. സുരേന്ദ്രനായിരുന്നു തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ചിട്ടയായ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആസൂത്രണത്തിന്റെയും മികവില്‍ 2016ലേക്കാള്‍ ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ യു.ഡി.എഫ്. 52 ശതമാനം ന്യൂനപക്ഷ വോട്ടുകള്‍ ഉള്ള മണ്ഡലത്തില്‍ പോളിങ് ശതമാനം ഉയര്‍ന്നാല്‍ തന്നെ യു.ഡി.എഫിന് ഗുണംചെയ്യും. തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ മൂന്നാംസ്ഥാനത്തേക്ക് പോകുന്ന എല്‍.ഡി.എഫ് മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട് ഇത്തവണ. സ്ഥാനാര്‍ഥിയുടെ മണ്ഡലത്തിലെ സ്വീകാര്യത തന്നെയാണ് പ്ലസ് പോയിന്റ്. മണ്ഡലത്തിലെ കൂടുതല്‍ ബൂത്തുകളിലും ഒന്നാമതെത്തുമ്പോഴും മണ്ഡലം കൈവിട്ടുപോകുന്നതിന് ഇത്തവണയെങ്കിലും തടയിടാനാകുമോയെന്നാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. 198 പോളിങ് ബൂത്തുകളിലായി 2,14,779 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. സ്ത്രീ വോട്ടര്‍മാര്‍ 1,06,928 പേരും പുരുഷവോട്ടര്‍മാര്‍ 1,07,851 പേരുമാണ്. 1,240 ഭിന്നശേഷിക്കാരുമുള്ളതിനാല്‍ ഇവര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളും ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്.
കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന മണ്ഡലമായതിനാല്‍ സുരക്ഷയ്ക്കായി കനത്ത പൊലിസ് സംവിധാനത്തെയാണ് നിയോഗിച്ചിട്ടുള്ളത്. 49 സായുധ പൊലിസും മണ്ഡലത്തിലുണ്ടാകും. 20 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യമുണ്ട്. മുഴുവന്‍ ബൂത്തുകളിലും വോട്ടെടുപ്പ് വിഡിയോയില്‍ പകര്‍ത്തും. മുഖാവരണം ധരിച്ചെത്തുന്നവരെ തിരിച്ചറിയാന്‍ 198 വനിതാ പോളിങ് അസിസ്റ്റന്‍ഡുമാരെയും നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."