മലയോര മേഖലകളില്‍ ഡെങ്കിപ്പനി പടരുന്നു
കുറ്റിക്കോല്‍: മലയോര മേഖലയായ കുറ്റിക്കോല്‍, ബന്തടുക്ക, ദേലംപാടി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. ഇതു കൂടാതെ പനിയും മലേറിയയും വ്യാപകമായി പടരുന്നത് മലയോരത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പനി പ്രതിരോധിക്കുന്നതില്‍ ഈ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പരാജയമായെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ചിക്കണ്ടമൂലയിലെ ബാബു നായ്ക് (50), ദേവപ്പ നായ്ക്ക് (52), ചന്ദ്രന്‍ (35), ശങ്കരന്‍ (33), സുരേഷ് (31), കൃഷ്ണന്‍ (67), ദാസപ്പ നായ്ക് (44), ചന്ദ്രാവതി (40) എന്നിവരെ കാസര്‍കോടെയും മംഗളൂരുവിലെയും സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബേത്തലത്തെ ബാബുവിന്റെ ഭാര്യ കമല (35), ഗംഗാധരന്റെ ഭാര്യ ധന്യ (30), താനത്തിങ്കല്‍ ഗോപാലന്‍ (40) എന്നിവരെ ഡെങ്കിപ്പനി ബാധിച്ച് കാഞ്ഞങ്ങാടെ സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോട്ടം മേഖലയിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളെയാണ് പനി ബാധിച്ചിരിക്കുന്നത്. മലയോര പഞ്ചായത്തുകളില്‍ ആവശ്യമായ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ നടത്തിയില്ലെന്നു പരാതിയുണ്ട്. ദേലംപാടി പഞ്ചായത്തിലെ മല്ലംപാറയില്‍ 15ഓളം പേര്‍ക്കു നേരത്തെ തന്നെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
എന്നിട്ടും തൊട്ടടുത്ത പഞ്ചായത്തുകളായ ബന്തടുക്ക, കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളില്‍ ആവശ്യമായ ശുചീകരണവും ബോധവല്‍ക്കരണവും നടത്തിയില്ലെന്നാണ് ആരോപണം.
ആഡുര്‍, ബന്തടുക്ക, ബേഡഡുക്ക എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന രോഗികള്‍ക്കു പ്രാഥമിക ചികിത്സ മാത്രമാണു നല്‍കുന്നത്. ഇവിടെ നിന്നു കാസര്‍കോടെയും കാഞ്ഞങ്ങാടെയും ആശുപത്രികളിലേക്കു വിദഗ്ധ ചികിത്സക്കായി വിടുകയാണു ചെയ്യുന്നത്. മലയോര പഞ്ചായത്തുകളില്‍ കിടത്തി ചികിത്സക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."